കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പുതിയ ഹോസ്റ്റല്‍ തുറന്നില്ല. പെണ്‍കുട്ടികളുടെ ഹോസ്റ്റലാണ് തുറക്കാത്തത്. നാലാം സെമസ്റ്റര്‍ എംബിബിഎസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയാണ് ഒന്നാം വര്‍ഷക്കാര്‍ക്ക് നിലവില്‍ പഴയ കെട്ടിടത്തില്‍ താമസ സൗകര്യം ഒരുക്കിയത്.
മൂന്നുപേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന കുടുസുമുറിയില്‍ ആറുവിദ്യാര്‍ഥിനികളാണ് നിലവില്‍ താമസിക്കുന്നത്. അതും ഡബിള്‍ ഡക്കര്‍ കട്ടിലിലിട്ട്. നിലവില്‍ പുതിയ ബാച്ചിലെ 139 വിദ്യാര്‍ഥികള്‍ ഹോസ്റ്റലിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ താമസ സൗകര്യം കിട്ടിയതാകട്ടെ 90 പേര്‍ക്കും. മറ്റുള്ളവര്‍ സ്വന്തം ചെലവില്‍ ആറായിരം രൂപ വരെ നല്‍കിയാണ് മറ്റിടങ്ങളില്‍ താമസ സൗകര്യം കണ്ടെത്തിയിരിക്കുന്നത്.
മൂന്നെണ്ണത്തില്‍ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞസര്‍ക്കാറിന്‍റെ കാലത്ത് കഴിഞ്ഞതാണ്. എന്നാല്‍ ഹോസ്റ്റലിലേക്ക് ആവശ്യമുള്ള ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കിയിട്ടില്ല. ഫര്‍ണിച്ചറുകള്‍ വാങ്ങാനുള്ള ഫണ്ട് അനുവദിക്കാത്തതാണ് ഹോസ്റ്റല്‍ തുറക്കാത്തതിന്‍റെ കാരണമായി അധികൃതര്‍ പറയുന്നത്. പിജി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭിക്കാത്ത പ്രശ്നവുമുണ്ട്. നിലവിലുള്ള പിജി ഹോസ്റ്റല്‍ സൗകര്യങ്ങള്‍ പുനക്രമീകരിക്കണമെന്നാവശ്യവും ശക്തമാണ്.