വന്യജീവി പ്രശ്നത്തിനു പരിഹാരം കാണാന്‍ ലക്ഷങ്ങള്‍ മുടക്കി കോണ്‍ക്ലേവ് നടത്തിയ സര്‍ക്കാര്‍ നിലവിലെ പദ്ധതികളെ അവഗണിക്കുന്നു. കോഴിക്കോട് പൂവാറന്തോട് ഒന്നരക്കോടി രൂപ മുടക്കി പണിത സോളര്‍ വേലി പാതിവഴിയില്‍ ഉപേക്ഷിച്ചു.
വന്യമൃഗ ശല്യം തടയാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനായിരുന്നു കോണ്‍ക്ലേവ് . വനം-കൃഷി വകുപ്പ് മന്ത്രിമാര്‍ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ പൊടിച്ച് ആലോചനകളും ചര്‍ച്ചകളും തകൃതിയായി നടന്നു. ഇനി കോടിമുടക്കി പണിത പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാമോ ?
കാട്ടാനശല്യം രൂക്ഷമായ പൂവാറന്‍തോട് ഒന്നര കോടി മുടക്കി സോളര്‍ വേലി കെട്ടാന്‍ തുടങ്ങിയതു മൂന്നരകൊല്ലം മുന്‍പാണ്. 16 കിലോമീറ്റര്‍ നീളമുള്ള വേലിയില്‍ 9 കിലോമീറ്റര്‍ പണിതപ്പോഴേക്കും കരാറുകാരന്‍ നിര്‍ത്തിപോയി.. ഇരുവകുപ്പുകളും കാഴ്ച്ചക്കാരായി. ചാര്‍ജ് ചെയ്യാത്തതിനാല്‍ വേലി ആനകള്‍ തന്നെ ചവിട്ട് തകര്‍ത്തു. 9 കിലോമീറ്റര്‍ വേലി കെട്ടി പദ്ധതിയുടെ മുഴുവന്‍ തുകയും കരാറുകാരന്‍ തട്ടിയെടുത്തെന്നാണ് ആരോപണം.
323 മരങ്ങള്‍ മുറിച്ചുനീക്കണം. ഇതിനായി വനം വകുപ്പില്‍ നിന്നു കരാറെടുത്തയാള്‍ ലാഭമല്ലെന്നു കണ്ടു പിന്‍മാറിയതോടെയാണ് പദ്ധതി പാതിവഴിയിലാക്കിയത്. ഫണ്ടനുവദിച്ചതിനപ്പുറം ഉത്തരവാദിത്വമില്ലെന്നാണു കൃഷി വകുപ്പിന്‍റെ നിലപാട്.