പ്രായത്തെ തോൽപ്പിക്കുന്ന ആവേശത്തോടും വാർദ്ധക്യത്തെ അർഥപൂർണ്ണമാക്കുന്ന വീര്യത്തോടും കൂടി അരനൂറ്റാണ്ടിലേറെയായി സൈക്കിൾ യാത്ര ജീവിതചര്യയാക്കിയിരിക്കുകയാണ് കോഴിക്കോട് മേത്തോട്ടുതാഴം സ്വദേശിയായ കരുണാകരൻ. അന്താരാഷ്ട്ര വയോജന ദിനത്തിൽ, വാർദ്ധക്യം തളർച്ചയല്ലെന്നും ജീവിതം ആഘോഷമാക്കാൻ മനസ്സാണ് വേണ്ടതെന്നും തെളിയിക്കുകയാണ് ഈ എഴുപത്തിയൊമ്പതുകാരൻ.
ശാരീരിക അസ്വസ്ഥതകൾ അലട്ടുമ്പോൾ സൈക്കിളിൽ ഒരു റൈഡ് പോയി ഉന്മേഷവും ഊർജ്ജവും വീണ്ടെടുക്കുന്ന കരുണാകരന്റെ സൈക്കിൾ പ്രേമം നാട്ടുകാർക്കും പുതിയ തലമുറയ്ക്കും ഒരുപോലെ മാതൃകയാണ്. 1966-ലാണ് കരുണാകരന്റെ ജീവിതത്തിലേക്ക് ഈ സൈക്കിൾ കടന്നുവരുന്നത്. പുലർച്ചെ നാലുമണിക്ക് മരംകോച്ചുന്ന തണുപ്പിൽ 52 വീടുകളിലേക്ക് യഥാസമയം പാൽ വിതരണം ചെയ്തുകൊണ്ട് ആരംഭിച്ച യാത്രാബന്ധം പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറി. 1975-ൽ പാൽ വിതരണ ജോലിയിൽ നിന്ന് പ്രൊമോഷൻ ലഭിക്കുന്നത് വരെ ഈ ദൗത്യം തുടർന്നു. തുടർന്ന് മിൽമയിൽ ജീവനക്കാരനായി മാറിയ കരുണാകരൻ 2005-ൽ ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും സൈക്കിളിനോടുള്ള ആത്മബന്ധം ഉപേക്ഷിച്ചില്ല.
ഇടക്കാലത്ത് കാണാതായ സ്വന്തം അമ്മാവനെ തിരഞ്ഞ് സൈക്കിളിൽ ദീർഘദൂരം യാത്ര ചെയ്തതും അദ്ദേഹത്തിന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഏടാണ്. കാലത്തിന്റെ പെഡലുകൾ മാറിമറിഞ്ഞെങ്കിലും കരുണാകരന്റെ സൈക്കിൾ പ്രിയത്തിന് ഇന്നും ഒരേ താളവും ഒരേ വേഗതയുമാണ്. സൈക്കിളിന്റെ മണിമുഴക്കി നിശബ്ദമായ തെരുവുകളെ ഉണർത്തി അദ്ദേഹം നടത്തുന്ന യാത്രകൾ മേത്തോട്ടുതാഴത്തുകാർക്ക് ഇന്നും വേറിട്ട കാഴ്ചയാണ്. പ്രായത്തിന്റെ അതിരുകൾ ഭേദിച്ച് സൈക്കിൾ യാത്ര തുടരുന്ന കരുണാകരൻ, ആരോഗ്യം സംരക്ഷിക്കാനും പരിസ്ഥിതി സൗഹൃദ ജീവിതരീതി പിന്തുടരാനും ആഗ്രഹിക്കുന്ന ന്യൂജൻ തലമുറയ്ക്ക് വലിയ പ്രചോദനമാണ് നൽകുന്നത്.