കോഴിക്കോട് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് സ്ഥലം മാറ്റിയ അധ്യാപികയെ അതേ കോളജില്‍ ആക്ടിങ് എച്ച്ഒഡിയായി നിയമിച്ചു. സൈക്യാട്രി വിഭാഗത്തിലെ ഡോ. അനിതകുമാരിയെയാണ് പ്രധാനപദവിയില്‍ നിയോഗിച്ചത്. മറ്റാരേയും പരിഗണിക്കാനില്ലാത്തതുകൊണ്ടാണ് നിയമിച്ചതെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
പൊതുവേദിയിലും രോഗികള്‍ക്ക് മുമ്പിലും അപമാനിക്കുന്നത് പതിവായതോടെയാണ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോ. അനിതകുമാരിക്കും ഡോ.സ്മിതക്കുമെതിരെ പിജി വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. ഡിഎം ഇ നിയോഗിച്ച അന്വേഷണസമിതി പരാതിയിലെ കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ ജൂണ്‍ നാലിന് ഡോ.അനിത കുമാരിയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ ഉത്തരവിനെതിരെ സ്റ്റേ വാങ്ങിയ ഡോ.അനിതകുമാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ തിരിച്ചെത്തി. തുടര്‍ന്നാണ് ഇപ്പോള്‍ ആക്ടിങ് എച്ച്ഒഡിയായി നിയമിച്ചിരിക്കുന്നത്
സൈക്യാട്രി വിഭാഗത്തിലെ 12 പേരാണ് അന്ന് പരാതി നല്‍കിയത്. നടപടി നേരിട്ടവര്‍ വീണ്ടും തിരിച്ചെത്തിയതോടെ അപമാനവും മാനസിക പീഡനവും കൂടിയതായും വിദ്യാര്‍ഥികള്‍ പറയുന്നു. നിലവിലെ സൈക്യാട്രി വകുപ്പ് മേധാവിയും സീനിയറായ മറ്റൊരു ഡോക്ടറും അവധിയില്‍ പ്രവേശിച്ചതിനാലാണ് അനിത കുമാരിക്ക് ചുമതല നല്‍കേണ്ടി വന്നതെന്നും സംഭവം ഡിഎംഇയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി