medical-negligence

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഈ മാസം മെഡിക്കല്‍ ബോര്‍ഡ് ചേരും. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികില്‍സാപ്പിഴവെന്ന ചെറുവണ്ണൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നത്. ഇതിനുശേഷമാവും ഡോ. ഷമ മുഹമ്മദിനെതിരെ തുടര്‍നടപടിയിലേക്ക് പൊലീസ് കടക്കുക.

ചെറുവണ്ണൂര്‍ സ്വദേശിനി അനുശ്രിയുടെ പരാതിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്റ്റ് ഡോ.ഷമ മുഹമ്മദിനെതിരെ കേസെടുത്തത്.  പ്രസവത്തിനിടെ  ഫോര്‍സെപ്സ് ഉപയോഗിച്ച് നവജാതശിശുവിനെ അശ്രദ്ധമായി പുറത്തെടുത്തതോടെ തലയോട്ടി ചുരുങ്ങി കുഞ്ഞിന് സ്ഥിരം വൈകല്യം സംഭവിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ ചികില്‍സാപ്പിഴവുണ്ടോയെന്ന് കണ്ടെത്താനാണ് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നത്. മെഡിക്കല്‍ ബോര്‍ഡ് ചേരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പൊലീസ് ഡിഎംഒയ്ക്ക്  കത്തുനല്‍കിയിരുന്നു. വിദഗ്ദധ ഡോക്ടര്‍മാര്‍,  ഡിഎംഒ, പൊലീസ് സര്‍ജന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. 

ഇവരുടെ വിദഗ്ധാഭിപ്രായം ലഭിച്ചതിനുശേഷമാവും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക. കഴിഞ്ഞദിവസം ചെറുവണ്ണൂരിലെ വീട്ടിലെത്തി അനുശ്രിയുടെയും കുടുംബത്തിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രസവത്തിനുശേഷം അഞ്ച് ശസ്ത്രക്രിയകള്‍ വേണ്ടിവന്നുവെന്നും ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്നും അനുശ്രി മൊഴി നല്‍കി. 

2024 ജനുവരിയിലായിരുന്നു അനുശ്രിയുടെ പ്രസവം നടന്നത്. ഡോക്ടറുടെ അനാസ്ഥക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അനുശ്രിയും കുടുംബവും മെഡിക്കല്‍ കോളജിന് മുമ്പില്‍ നിരവധി തവണ പ്രതിഷേധിച്ചിരുന്നു.

ENGLISH SUMMARY:

A medical board will convene this month regarding the case against a doctor at Calicut Medical College. This investigation is to determine if there was medical negligence during a childbirth surgery, following a complaint of alleged treatment error leading to permanent disability in the newborn.