AI Generated Image
ദേഹത്ത് കുത്തിക്കയറിയ സൂചിയുമായി നവജാത ശിശു കഴിഞ്ഞത് ഒരു വര്‍ഷം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവത്തിനു തൊട്ടുപിന്നാലെയാണ് കുഞ്ഞിന്റെ ദേഹത്ത് സൂചി കുത്തിക്കയറിയതെന്ന് കുടുംബം പറയുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ് ഈയിടെയാണ് പെണ്‍കുഞ്ഞിന്റെ ദേഹത്തുനിന്നും സൂചി നീക്കം ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.
Also Read: കേരളത്തിലേക്കുള്ള യാത്ര രക്ഷിതാക്കള്‍ അറിഞ്ഞില്ല?; 8 പേരും അപകടസ്ഥലത്തുതന്നെ മരിച്ചു
ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി അഞ്ജുവിന്റേയും കോഴിക്കോട് ചാത്തമംഗലം സ്വദേശി ബിനീഷിന്റേയും രണ്ടാമത്തെ കുഞ്ഞാണു ചികിത്സപ്പിഴവിന് ഇരയായത്. 2025 ജൂൺ 24ന് ആണു കുട്ടി ജനിച്ചത്. മഞ്ഞനിറം ബാധിച്ചതിനാൽ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണു കുഞ്ഞിന്റെ വാരിയെല്ലിനു താഴെയായി വയറിന്റെ വലതുഭാഗത്ത് എന്തോ തറച്ചുനിൽക്കുന്നതു ശ്രദ്ധയിൽപെട്ടതെന്ന് അഞ്ജു പറയുന്നു. ഡോക്‌ടറെ അറിയിച്ചെങ്കിലും പേടിക്കാനില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.
ഈ വർഷം ജൂലൈയിൽ ബിനീഷ് കുഞ്ഞിനെ കളിപ്പിക്കുന്നതിനിടെയാണു നേരത്തേ പ്രശ്‌നമുണ്ടായ ഭാഗത്ത് വീക്കം വന്നതായി ശ്രദ്ധയിൽപെട്ടത്. ഇതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ എക്‌സ്റേ പരിശോധനയിൽ വാരിയെല്ലിനു താഴെയായി ഒടിഞ്ഞ സൂചിയുടെ ഭാഗം കണ്ടെത്തി. തുടർന്നു ശസ്ത്രക്രിയ നടത്തി സൂചി നീക്കം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ഗാന്ധിനഗർ പൊലീസിലും പരാതി നൽകി. അന്വേഷണത്തിന് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രെഡറിക് പോൾ ചെയർമാനും ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ.ബീനാകുമാരി, ജനറൽ സർജറി വിഭാഗം മേധാവി ഡോ. ബിന്നി ജോൺ എന്നിവർ അംഗങ്ങളുമായി സമിതി രൂപീകരിച്ചതായി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് അറിയിച്ചു.