suraj-life

TOPICS COVERED

രണ്ട് വൃക്കകളും തകരാറില്‍, കയറിക്കിടക്കാന്‍ ഇടമില്ലാതെ വന്നപ്പോള്‍  രാത്രി കഴിച്ച് കൂട്ടിയത്  ബീച്ചിലെ ബെഞ്ചില്‍. ഡയാലിസിസിന് പണമില്ലാതെ വന്നപ്പോള്‍  കയ്യിലുണ്ടായിരുന്ന ഫോണ്‍  വിറ്റു. സമാനതകളില്ലാത്ത ദുരിതക്കയത്തിലൂടെ കടന്നുപോകുകയാണ് കോഴിക്കോട് സ്വദേശി  സുരാജും ഭാര്യ രമ്യയും. 

കോഴിക്കോട് എരഞ്ഞിക്കല്‍ അമ്പലപ്പടിയിലെ താമസക്കാരായിരുന്ന സുരാജിന്‍റെയും രമ്യയുടെയും ജീവിതം ഉള്ളുപൊള്ളിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ വാടക വീട്ടിലേക്കു താമസം മാറ്റി. രണ്ടു വര്‍ഷം മുന്‍പ് സുരാജിന്‍റെ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡയാലിസിസ് ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍ കുടുംബത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സഹായം തേടി പല വാതിലുകളിലും മുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അപേക്ഷ നല്‍കിയെങ്കിലും സഹായം ലഭിച്ചില്ല. ഡയാലിസിസിന്‍റെ കുടിശിക തീര്‍ക്കാതെ ചികില്‍സ തുടരാനാകില്ലെന്ന നിലയിലായി കാര്യങ്ങള്‍. ഡയാലിസിസിനുള്ള പണം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച സുരാജിനെ സഹായിക്കാന്‍ സഹായിക്കൂട്ടം വാട്‌സാപ്പ് കൂട്ടായ്‌മ മുന്നിട്ടിറങ്ങി. ഡയാലിസിസിനും ,ശസ്ത്രക്രിയയ്ക്കുമുള്ള പണം കണ്ടെത്താന്‍ സഹായിച്ചു.

പക്ഷേ ചികില്‍സ തുടരണമെങ്കില്‍ ദിവസവും 900 രൂപയോളം വേണം. നാലു ഡയാലിസിസ് പൂര്‍ത്തിയാക്കിയാല്‍ സിഎച്ച് സെന്‍ററിന്‍റെ നേതൃത്വത്തില്‍ സൗജന്യ ഡയാലിസിസ് ലഭിക്കും. അതുവരെ ചികില്‍സ മുടങ്ങാതിരിക്കാന്‍ ആണ് മൊബൈല്‍ ഫോണ്‍ വിറ്റത്. ഇതോടെ സഹായമെത്തിച്ചിരുന്ന സംഘടനകള്‍ക്ക്  സുരാജിനെ  ബന്ധപ്പെടാന്‍ കഴിയാതെയായി. ഇപ്പോള്‍ സുരാജിനും രമ്യയ്ക്കും മുന്നില്‍ ചികില്‍സ മാത്രമല്ല പ്രശ്നം, സ്ഥിരമായി ഒരു കിടപ്പാടം കൂടിയാണ്.

Couple's Plight: Kidney Failure and Homelessness in Kozhikode:

Suraj and Ramya, a couple from Kozhikode, are facing immense hardship due to kidney failure and lack of stable housing. They have resorted to selling their phone for dialysis treatment and are seeking urgent financial and medical aid