കോഴിക്കോട് പാളയം കൊലപാതകത്തില്‍ കൂട്ടാളികളെ കൂടി കണ്ടെത്തണമെന്ന് കൊല്ലപ്പെട്ട ബിജുവിന്‍റെ പിതാവ് രാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബിജുവിന്‍റെ കുടുംബത്തിന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടക്കുകയാണ്.
ബിജുവിനെ ദീപക്കിന് തനിച്ച് കൊലപ്പെടുത്താന്‍ കഴിയില്ലെന്നാണ് പിതാവ് രാജന്‍റെ വാദം. ബിജു മദ്യലഹരിയില്‍ ആണെങ്കില്‍ പോലും കീഴ്പ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ കൊലപാതകത്തിന് സഹായിച്ചവരെ കൂടി കണ്ടെത്തണം. ദീപക്കിന്‍റെ കൂട്ടാളികളെ പിടികൂടി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. വിചിത്രമായ രീതിയിലാണ് ദീപക്കിന്‍റെ ലഹരി ഉപയോഗമെന്നും രാജന്‍.
അതേസമയം ബിജുവിന്‍റെ കുടുംബത്തിന് നേരെ സൈബറാക്രമണം രൂക്ഷമാണ്. കൊലയ്ക്ക് പിന്നില്‍ അമ്മക്കും സഹോദരിക്കും പങ്കുണ്ടെന്ന തരത്തിലുള്ള കമന്‍റുകള്‍ കുടുംബത്തെ വേദനിപ്പിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായി സമീപത്തെ കിണറില്‍ പൊലിസ് ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.