സര്‍ക്കാര്‍ മാറിയതോടെ സ്വര്‍ണകവര്‍ച്ച നടത്തിയ സിപിഎം അനുഭാവിയായ ക്ഷേത്രം മുന്‍ എക്സിക്യൂട്ടീവ് ഓഫീസറെ അറസ്റ്റ് ചെയ്തു പൊലീസ്. ബാലുശേരി വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ 20 പവന്‍ സ്വര്‍ണം കാണാതായതിലാണ് മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദ് അറസ്റ്റിലായത്. രാഷ്ട്രീയ സ്വാധീനത്താല്‍ അറസ്റ്റ് വൈകുന്നുവെന്ന് ആരോപിച്ചു വിശ്വാസികള്‍ പ്രക്ഷോഭം നടത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കവര്‍ച്ച പുറത്തുവന്നതിനു പിറകെയാണു മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലും സമാനസംഭവങ്ങളുണ്ടായെന്ന വിവരം പുറത്തായത്. ഇതില്‍ ബാലുശേരി വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ മാത്രമാണു പൊലീസില്‍ പരാതി നല്‍കിയത്. മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ടിടി വിനോദന്‍ ചുമതല ഒഴിഞ്ഞ സമയത്ത് സ്വര്‍ണവും താക്കോലും കൈമാറാന്‍ വിസമ്മതിച്ചു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കൈമാറിയവയില്‍ 20 പവന്‍ സ്വര്‍ണവും രേഖകളും ഇല്ലെന്നായിരുന്നു പരാതി.
തുടര്‍ന്നു കവര്‍ച്ചയ്ക്ക് കേസെടുത്തു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വിനോദന്‍ ഒളിവിലും പോയി. അറസ്റ്റ് വൈകുന്നതിനെതിരെ വിശ്വാസികള്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു. അതിനിടെ കാണാതായ സ്വര്‍ണവും രേഖകളും തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നു. പൊലീസ് സ്റ്റേഷനിലോ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കോഴിക്കോട്ടെ ആസ്ഥാനത്തോ സ്വര്‍ണമെത്തിക്കാനായിരുന്നു വിനോദന്റെ ശ്രമം. ഇതും നടക്കാതെ വന്നതോടെയാണ് ഒടുവില്‍ എട്ടുമാസത്തിനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഗാര്‍ഡ് റൂമില്ലാത്തതിനാല്‍ എക്സിക്യുട്ടീവ് ഓഫീസര്‍മാരാണ് സ്വര്‍ണവും രേഖകളുമടക്കമുള്ളവ സൂക്ഷിക്കുന്നത്.ഈ പഴുത് ഉപയോഗിച്ചാണ് ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം വിനോദന്‍ തട്ടിയെടുത്തത്.