കോഴിക്കോട്, വടകര കടത്തനാട് ലേബര്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ മുറിയില്‍ നിന്ന് രേഖകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്. ബാങ്ക് പാസ് ബുക്കുകളടക്കമുള്ളവയാണ് കണ്ടെത്തിയത്. കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ഇബ്രാഹിം ഹാജിയുടെ മകന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഇബ്രാഹിം ഹാജി താമസിച്ചിരുന്ന വടകര ജില്ലാ ആശുപത്രിക്ക് മുന്‍വശത്തെ കുടുസ് മുറിയിലേയ്ക്കാണ് ക്രൈംബ്രാഞ്ച് പരിശോധനക്കായി എത്തിയത്. മുറി പൂട്ടികിടന്നതിനാല്‍ ഹാമര്‍ ഉപയോഗിച്ച് പൂട്ട് പൊളിച്ച് അകത്ത് കയറി.

വിശദമായ പരിശോധയില്‍ ബാങ്കിലെ പാസ് ബുക്ക് അടക്കമുള്ളവ കണ്ടെടുത്തു. ഇതില്‍ നിന്ന് ഇബ്രാഹിം ഹാജിയുടെ യഥാര്‍ഥ നിക്ഷേപത്തിന്‍റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.

ആകെ നിക്ഷേപിച്ച 22 ലക്ഷം രൂപയില്‍ ആറ് ലക്ഷം രൂപയാണ് ഇബ്രാഹിം ഹാജിയുടെ പേരിലുള്ളത്. ബാക്കിയെല്ലാം ബന്ധുക്കളുടെ പേരില്‍ നിക്ഷേപിച്ച തുകയാണെന്നും മുറിയില്‍ നിന്ന് ലഭിച്ച രേഖകളിലുണ്ട്. എന്നാല്‍ ഇബ്രാഹിം ഹാജിയുടെ ഡയറിയോ മറ്റ് കുറിപ്പുകളോ കണ്ടെത്താനായിട്ടില്ല.

നിക്ഷേപതുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി അധികൃതര്‍ക്ക് മുന്നില്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സൊസൈറ്റി മുന്‍ പ്രസിഡന്‍റ് സുധീര്‍ കുമാറിന്‍റെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഇബ്രാഹിം ഹാജി ജീവനൊടുക്കുന്നത്.

ENGLISH SUMMARY:

Crime Branch is investigating the suicide of Ibrahim Haji, who was distressed over not receiving his investment back from the Vadakara Kadathanad Labour Society. Investigators collected documents, including bank passbooks, from his room, and Ibrahim Haji's son has urged for a faster investigation into the case.