കോഴിക്കോട് നഗരമധ്യത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കോംട്രസ്റ്റ് കെട്ടിടം ഏത് നിമിഷവും തകർന്നുവീഴാം. കഴിഞ്ഞ ദിവസം കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് ചുറ്റുമതിലിന്റെ ഭാഗം ഇടിഞ്ഞുവീണതോടെ ആശങ്ക വര്‍ധിക്കുകയാണ്.
മാനാഞ്ചിറയിലെ തിരക്കേറിയ ഭാഗത്താണ് സംഭവം നടന്നത്. മതിലിന് ഉയരം കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായെങ്കിലും കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഭാഗങ്ങളോ പരിസരത്തെ വൻമരങ്ങളോ തകർന്നുവീണാൽ ഗുരുതര അപകടമുണ്ടാകും. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയ്ക്കരികിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മാനാഞ്ചിറ സ്ക്വയറിലേയ്ക്കും സമീപ പ്രദേശങ്ങളിലേയ്ക്കും എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന മേഖലകൂടിയാണിത്.
കോംട്രസ്റ്റ് ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ കോടതിയുടെ പരിഗണനയിലായതിനാൽ കെട്ടിടം പൊളിച്ചുനീക്കുക എളുപ്പമല്ല. എന്നാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനും സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും തടസമില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. അതല്ലെങ്കിൽ കെട്ടിടത്തിന് സമീപത്തെ വാഹന പാർക്കിങ് താൽക്കാലികമായി ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അപകടസാധ്യത വർധിച്ചിരിക്കുകയാണ്. അതിനാൽ തിരക്കേറിയ ഈ മേഖലയിൽ പൊലീസ്, അഗ്നിരക്ഷാസേന, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കർശനമായ നിരീക്ഷണവും അടിയന്തര സുരക്ഷാ നടപടികളും ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.