kozhikode-corporation

TOPICS COVERED

സൂപ്പര്‍ ക്രോസ് ബൈക്ക് റേസിങ്ങോടെ വിവാദമായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് കേരളാ പ്രീമിയര്‍ ലീഗ് മത്സരങ്ങളും നഷ്ടമാകുന്നു. ഫ്ലഡ്‍‌ലൈറ്റ് സംവിധാനത്തിന്‍റെ അപര്യാപ്തതയും ബൈക്ക് റേസിങ്ങിനെതുടര്‍ന്ന് മൈതാനത്തിന്‍റെ സ്വാഭാവിക ഘടന മാറിയതുമാണ് വേദിമാറ്റാന്‍ കാരണമായത്. ബൈക്ക് റേസിങ്ങിന് ശേഷം ഇവിടെ മറ്റുമത്സരങ്ങളൊന്നും നടന്നിട്ടില്ല. 

കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന കേരളാ പ്രീമയര്‍ ലീഗിന്‍റെ പത്ത് മത്സരങ്ങളാണ് തൃശൂരിലേക്ക് മാറ്റിയത്. ജനറേറ്റര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലഡ്‍‌ലൈറ്റ്  സംവിധാനത്തിനായി ക്ലബ്ബുകള്‍ നിശ്ചിത തുക അടയ്ക്കണം. എന്നാല്‍ തൃശൂര്‍ മൈതാനത്തില്‍ കെഎസ്ഇബിയുമായുള്ള നേരിട്ടുള്ള കണക്ഷന്‍ ആയതിനാല്‍ ചെലവ് വരുന്നില്ല. കൂടാതെ ബൈക്ക് റേസിങ്ങിനു ശേഷം മൈതാനത്തിന്‍റെ മൃദുത്വം നഷ്ടമായതും പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടതും കളിക്കാര്‍ക്ക് വെല്ലുവിളിയായി.

സൂപ്പര്‍ ലീഗ് കേരളയില്‍ ഹോംഗ്രൗണ്ടായ മൈതാനത്ത് ഒരുമത്സരംപോലും കാലിക്കറ്റ് എഫ്‌സിക്ക് കളിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ബൈക്ക് റേസിങ് മല്‍സരങ്ങള്‍ക്കുശേഷം പുല്‍ത്തകിടിയടക്കം കരിഞ്ഞുണങ്ങിയിരുന്നു. ശേഷം പുതിയ പുല്‍ത്തകിടി വളര്‍ത്തി മൈതാനം നവീകരിച്ച് ഫെബ്രുവരിയിലാണ് സൂപ്പര്‍ ക്രോസ് നടത്തിപ്പുകാര്‍  ഫുട്ബോള്‍ അസോസിയേഷന് മൈതാനം മടക്കി നല്‍കിയത്.   മൈതാനത്തില്‍ വിദഗ്ധ  പരിശോധന നടത്തുമെന്നാണ് കോര്‍പറേഷന്‍റെ വിശദീകരണം.

ENGLISH SUMMARY:

Kozhikode Corporation Stadium is facing issues with hosting Kerala Premier League matches due to inadequate floodlights and damage from a supercross bike racing event. The stadium's natural structure was altered, forcing the relocation of ten KPL matches to Thrissur.