കോഴിക്കോട് അത്തോളിയുടെ വ്യവസായ അഭിമാനമായിരുന്ന കുന്നത്തറ ടെക്സ്റ്റൈൽസ് ഇന്ന് നാട്ടുകാർക്ക് തലവേദനയായി മാറുകയാണ്. കാടുകയറിയ ഫാക്ടറി പരിസരത്ത് വന്യജീവി ശല്യം രൂക്ഷമായതോടെ ജനജീവിതം പ്രതിസന്ധിയിലായി. വിഷയത്തിൽ ഇടപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ
ഒരുകാലത്ത് അറുനൂറോളം തൊഴിലാളികളുടെ ജീവിത മാര്‍ഗമായിരുന്നു വ്യവസായ വകുപ്പിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിച്ച കുന്നത്തറ ടെക്സ്റ്റൈൽസ്. പലവിധ കാരണങ്ങളാല്‍ 35 വര്‍ഷം മുമ്പ് ഫാക്ടറിക്ക് പൂട്ടുവീണു. പതിമൂന്നര ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ഫാക്ടറി പരിസരവും കെട്ടിടസമുച്ചയവും ഇന്ന് കാട്ടുപന്നികളും പെരുമ്പാമ്പുകളുടേയും ആവാസ കേന്ദ്രമാണ്
കാട്ടുപന്നികളുടെ ശല്യം കാരണം നാട്ടുകാര്‍ക്ക് റോഡിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പലതവണ ഇവിടെ നിന്ന് പെരുമ്പാമ്പുകളെ പിടികൂടി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.
സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പതിനഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കലക്ടറോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.