കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യം ദേശീയപാതാ അതോറിറ്റി അവഗണിച്ചത് പലതവണ. നിലവിലെ വീതി കുറഞ്ഞ അടിപ്പാത ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം കേട്ടഭാവം നടിക്കാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അപകടങ്ങളിലേയ്ക്ക് നയിക്കുന്നുവെന്നാണ് നാട്ടുകാരുടെ വാദം.
ദേശീയ പാത വെങ്ങളം– അഴിയൂര്‍ റീച്ചില്‍ ഇതാദ്യമായല്ല വിള്ളല്‍ കാണുന്നത്, മുന്‍പ് പലതവണ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മേല്‍പ്പാലമാകും ഉചിതമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പ് ഉപകരാര്‍ നല്‍കിയ വാഗാഡ് കമ്പനി ആവശ്യങ്ങള്‍ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിട്ടു. അടിപ്പാതയില്‍ വീതി കുറവായതിനാല്‍ എന്നും ഗതാഗതകുരുക്കാണ്. ഇക്കാര്യവും ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടിയപ്പോള്‍ ഒന്നും ചെയ്യാനില്ലെന്നായിരുന്നു മറുപടി. അതിന് പിന്നാലെയാണ് തിരുവങ്ങൂരില്‍ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വീണ് അപകടമുണ്ടായത്.
വെങ്ങളം മുതല്‍ തിരുവങ്ങൂര്‍ അടിപ്പാത വരെയുള്ള ഭാഗത്ത് നേരത്തെ വിള്ളല്‍ കണ്ടെത്തിയതോടെ പൊളിച്ച് പണിയുന്ന പ്രവൃത്തികളും നടന്നുവരികയാണ്. തുടര്‍ച്ചയായി അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ മണ്ണിന്‍റെ ഗുണനിലവാരവും, ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പരിശോധിക്കണമെന്നാണ് ആവശ്യം.
വെള്ളിയാഴ്ചയാണ് ക്രെയിനിന്‍റെ ബെല്‍റ്റ് പൊട്ടി കോണ്‍ക്രീറ്റ് പാളി റോഡിലേക്ക് പതിച്ചത്. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിഞ്ഞത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന നിര്‍മാണപ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.