തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാക്കുപാലിച്ചിരിക്കുകയാണ് കോഴിക്കോട് കാരശേരി പഞ്ചായത്തംഗം ആരിഫ് മുരിങ്ങംപുറായി. വയോധിക ദമ്പതികള്‍ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കിയാണ് വാക്കുപാലിച്ചത് . മുരിങ്ങംപുറായി വാര്‍ഡില്‍ നിന്നാണ് ആരിഫ് വിജയിച്ചത്
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ആരിഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പട്ടര്‍ച്ചോലയിലെ പണിതീരാത്ത വീട്ടിലെ വയോധിക ദമ്പതികളുടെ ദുരിതം നേരില്‍കണ്ടത്. വീടിന്‍റെ നിലം സിമന്‍റിടാതെ മണ്ണും പൊടിയും നിറഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു. ഇതോടെ രോഗികളായ ഇരുവര്‍ക്കും ആരിഫ് വാക്കുനല്‍കി. ജയിച്ചാലും തോറ്റാലും ദുരിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കി തരുമെന്ന്. ആ വാക്കാണ് ആരിഫ് നിറവേറ്റിയത്. ഫലം വന്ന് നാലാംദിനം വീടിന്‍റെ ദുരിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കി
വാഹനമെത്താത്ത വഴിയില്‍ തലചുമടായി സാധനങ്ങള്‍ എത്തിച്ചാണ് വീടിന്‍റെ നിലം കോണ്‍ക്രീറ്റ് ചെയ്തത്. സ്ട്രോക്ക് ബാധിച്ച വീട്ടമ്മയ്ക്ക് വിദഗദ്ധ ചികിത്സയ്ക്കുള്ള സൗകര്യവുമൊരുക്കി. ആരിഫിന്‍റെ നേതൃത്വത്തില്‍ കൈത്താങ്ങ് എന്ന ജീവകാരുണ്യകൂട്ടായ്മ വര്‍ഷങ്ങളായി നിരവധിപേര്‍ക്ക് സഹായമെത്തിക്കുന്നുണ്ട്.