കോഴിക്കോട്ട് ഒരു വിഭാഗം വ്യാപാരികളുടെ എതിര്‍പ്പ് മറികടന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കല്ലുത്താന്‍കടവ് മാര്‍ക്കറ്റില്‍ മൂന്നുദിവസം കഴിഞ്ഞിട്ടും കച്ചവടം തുടങ്ങിയിട്ടില്ല. പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റിയെന്ന് കരുതി സാധനം വാങ്ങാനെത്തുന്നവരും നിരാശരായി മടങ്ങുകയാണ്.
ഉദ്ഘാടനത്തിനായൊരുക്കിയ സ്റ്റേജ്, അടച്ചിട്ട കടമുറികള്‍, അങ്ങിങ്ങായി പണിയെടുക്കുന്ന നിര്‍മാണ തൊഴിലാളികള്‍ ഇതാണ് കല്ലുത്താന്‍കടവിലെ പുതിയ മാര്‍ക്കറ്റിലെ കാഴ്ചകള്‍. ഇടയ്ക്ക് പച്ചക്കറികളും പഴങ്ങളും വാങ്ങാനായി ആളുകളെത്തും. അടഞ്ഞ കടമുറികള്‍ കണ്ട് നിരാശരായി മടങ്ങും.
ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി പുതിയ മാര്‍ക്കറ്റ് തുറന്നുകൊടുത്തത്. പാളയത്തെ 20 വ്യാപാരികള്‍ കല്ലുത്താന്‍ കടവിലേക്ക് മാറിയെന്നും ബാക്കിയുള്ളവര്‍ അധികം വൈകാതെ മാറുമെന്നുമായിരുന്നു മേയര്‍ പറഞ്ഞിരുന്നത്. ഈ വാക്ക് വിശ്വസിച്ചാണ് ആളുകള്‍ സാധനം വാങ്ങാനെത്തുന്നത്.അതേസമയം കല്ലൂത്താന്‍ കടവിലേക്ക് മാറാന്‍ വിസമ്മതിച്ച വ്യാപാരികള്‍ പാളയത്ത് സജീവമാണ്.
കോര്‍പറേഷന്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിച്ച കെട്ടിടത്തിലെ ഉയര്‍ന്നവാടകയും കച്ചവട സാധ്യതയിലെ കുറവും ചൂണ്ടിക്കാട്ടിയത് ഒരു വിഭാഗം വ്യാപാരികള്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.