കോഴിക്കോട് നാദാപുരത്ത് കാട്ടാനശല്യം രൂക്ഷം. 14 ആനകളും രണ്ട് കുട്ടിയാനകളുമാണ് ജനവാസമേഖലയിലേക്കെത്തിയത്. ആര്‍ആര്‍ടി സംഘം ആനയെ കാട്ടിലേക്ക് തുരത്തിയെങ്കിലും നിരീക്ഷണം തുടരുന്നു.
കണ്ണവം വനത്തില്‍ നിന്ന് കണ്ടിവാതുക്കല്‍, അഭയഗിരി മേഖലയിലേക്കിറങ്ങിയ കാട്ടാനക്കൂട്ടമാണ് കഴിഞ്ഞ നാലുദിവസമായി ജനവാസമേഖലയില്‍ തുടരുന്നത്. വനപാലകരെത്തി തുരത്തുന്നുണ്ടെങ്കിലും ആന ഉള്‍ക്കാട്ടിലേക്ക് പോയിട്ടില്ല. വാഴമല ഭാഗത്തെ കാടിനോട് ചേര്‍ന്നാണ് ആനയുള്ളത്. രാത്രിയായാല്‍ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെത്തി വിളകള്‍ നശിപ്പിക്കുന്നത് പതിവാണ്.
പ്രദേശത്ത് വനംവകുപ്പിന്‍റെ പട്രോളിങ് തുടരുകയാണ്. കാടിനുള്ളിലെ ജലക്ഷാമവും, ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവുമാകാം ആനകള്‍ കൂട്ടമായി നാട്ടിലേക്കിറങ്ങാന്‍ കാരണമെന്നാണ് നിഗമനം. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.