തിരുവമ്പാടിയില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് വീണ്ടും മുസ്ലീം ലീഗ് വിമത യോഗം. ലീഗിന്‍റെ ഔദ്യോഗിക ചിഹ്നവും കൊടിയും ഉപയോഗിച്ചായിരുന്നു യോഗം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തം നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ഷിഹാബ് തങ്ങളും പ്രതികരിച്ചു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന സീറ്റുകളിലൊന്ന് കൂടിയായ തിരുവമ്പാടിയിലെ തമ്മില്‍തല്ല് ലീഗ് നേതൃത്വത്തിനും മുന്നണിക്കും തലവേദനാവുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. എ. അബ്ദു റഹ്മാന്‍റെ നേതൃത്വത്തിലാണ് വിമതര്‍ യോഗം ചേര്‍ന്നത്.
പ്രശ്നം പരിഹരിക്കാന്‍ പാര്‍ട്ടി രണ്ടംഗ കമ്മീഷനെ നിയോഗിച്ചതിന് പിന്നാലെയാണ് യോഗം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കില്‍ തദേശ തിരഞ്ഞെടുപ്പിലടക്കം മാറി ചിന്തിക്കേണ്ടി വരുമെന്നാണ് വിമത വിഭാഗത്തിന്‍റെ നിലപാട്. വിമതര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ഷിഹാബ് തങ്ങള്‍ പ്രതികരിച്ചു.
കെഎംസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിലേക്ക് പി വി അന്‍വറിനെ ക്ഷണിച്ചതോടെയാണ് യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഫൈസല്‍ അടക്കം നാല് പേരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്.