കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവി ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് കോഴിക്കോട് കുറ്റ്യാടി കരിങ്ങാടുള്ള നാട്ടുകാര്‍. കൃഷി നശിപ്പിക്കുന്നതിന് പുറമെ വീടിന് വെളിയില്‍പ്പോലും ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആളുകള്‍.
കരിങ്ങാടുള്ള ആളുകളുടെ ദയനീയവസ്ഥയാണിത്. പകലും രാത്രിയിലും ഒരുപോലെ പുറത്തിറങ്ങാന്‍ പേടിയാണ് എപ്പോള്‍ വേണമെങ്കിലും വീട്ടുമുറ്റത്ത് ആനയെത്താം. മാസങ്ങളായി പ്രദേശത്ത് തുടരുന്ന ആനകളാണ് നിരന്തരം ശല്യമുണ്ടാക്കുന്നത്.
മലഞ്ചെരുവിനു മുകളില്‍ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പുകള്‍ ആന നശിപ്പിച്ചു. കനത്ത മഴയിലും കുടിവെള്ളം മുട്ടിയ അവസ്ഥയെന്ന് നാട്ടുകാര്‍. കാട്ടാനയെ തടയാന്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് ഫെന്‍സിങ്ങ് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.