കോഴിക്കോട് കണ്ണംപറമ്പ് ബീച്ചിന് സമീപം അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടിയുമായി കോര്‍പ്പറേഷന്‍. കടകള്‍ ഒഴിപ്പിക്കാനെത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ തടഞ്ഞു. എകപക്ഷീയ നടപടികള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കച്ചവടക്കാര്‍
കണ്ണംപറമ്പ് ബീച്ചിന് സമീപം റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കടകളാണ് കോര്‍പ്പറേഷന്‍ അരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. പാതയോരങ്ങള്‍ നവീകരിക്കുന്നതിന്‍റെ ഭാഗമായി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും ഒഴിപ്പിക്കുവാനാണ് കോര്‍പ്പറേഷന്‍റെ നിര്‍ദേശം. എന്നാല്‍ വര്‍ഷങ്ങളായി കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിയില്ലെന്ന നിലപാടിലാണ് കച്ചവടക്കാര്‍
ഉന്തുവണ്ടികളടക്കം എടുത്തുമാറ്റിയ ആരോഗ്യവിഭാഗം ജീവനക്കാരെ കച്ചവടക്കാര്‍ തടഞ്ഞു. എടുത്ത് മാറ്റിയ സാധനങ്ങളും വാഹനങ്ങളും തിരിച്ചു നല്‍കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റോഡ് നവീകരണം നടക്കുന്ന സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കടകള്‍ മാറ്റാനുള്ള സമയം അനുവദിക്കണമെന്നും കച്ചവടക്കാര്‍ കോര്‍പ്പറേഷനോട് അവശ്യപ്പെട്ടിട്ടുണ്ട്.