കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ചരിത്രജയം നേടിയ യുഡിഎഫ് ആരെ പ്രസിഡന്‍റാക്കുമെന്ന ആലോചനയിലാണ്. വനിതാസംവരണമായതോടെ ഷീബ ചെരണ്ടത്തൂരും മില്ലി മോഹനുമാണ് പ്രധാനമായും പരിഗണനയില്‍.
മൂന്നുപതിറ്റാണ്ടിന്‍റെ ഭരണതുടര്‍ച്ച ലക്ഷ്യമിട്ട എല്‍ഡിഎഫിനാണ് അപ്രതീക്ഷിത തിരിച്ചടി. ഭരണമാറ്റത്തിനായി ലക്ഷ്യം വെച്ചിറങ്ങിയ യുഡിഎഫ് നേടിയതാകട്ടെ ചരിത്രവും. രൂപീകരിച്ചശേഷം ഒരിക്കല്‍ പോലും ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് അധികാരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആ ചീത്തപേര് മായ്ക്കാനാണ് ഇത്തവണ കരുത്തരായ സ്ഥാനാര്‍ഥികളെ ഇറക്കിയത്. അത് ഫലം കണ്ടു. ഷീബ ചെരണ്ടത്തൂരിനെയും മില്ലി മോഹനെയുമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കുന്നത്. മുന്നണി ധാരണപ്രകാരം മുസ്‍ലിം ലീഗിനാവും വൈസ് പ്രസിഡന്‍റ് സ്ഥാനം.
13 സീറ്റില്‍ വിജയിച്ച എല്‍ഡിഎഫിന്‍റെ പല പ്രമുഖകര്‍ക്കും കാലിടിറി. സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ബാലനും എസ് എഫ് ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി മുഹമ്മദ് സാദിഖും കേന്ദ്രകമ്മിറ്റി അംഗം പി.താജുദീനുമടക്കം തോല്‍വി ഏറ്റുവാങ്ങി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ആര്‍. ഷഹിന്‍ തോല്‍പ്പിച്ചത് സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവായ എന്‍. ബാലചന്ദ്രനെയാണ്. 2010 ല്‍ ആണ് ഇതിനുമുമ്പ് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ശക്തമായ പോരാട്ടം കാഴ്ചവെച്ചത്. അന്ന് യുഡിഎഫിന് ഭരണം നഷ്ടമായതാകട്ടെ ഒരു സീറ്റിനും.