പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് നവീകരണത്തിന് ജീവന്‍വയ്ക്കുന്നു. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും ഉദ്ഘാടനചടങ്ങ് ബഹിഷ്ക്കരിച്ചു.
മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള എട്ട് കിലോമീറ്റര്‍ പാതയില്‍ അഞ്ച് കിലോമീറ്റര്‍ ആണ് ആദ്യഘട്ടത്തില്‍ നവീകരിക്കുക. ഇതിന് 2008ല്‍ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ളവയില്‍ തട്ടി പദ്ധതി വൈകി. പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമെല്ലാം ഒടുവിലാണ് പദ്ധതിക്ക് വീണ്ടും ജീവന്‍വച്ചത്.
അഞ്ചര കിലോമീറ്ററായി പദ്ധതി ചുരുങ്ങിയത് പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ആരോപണം. എട്ടുകിലോമീറ്റര്‍ ദൂരത്തില്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ തുടര്‍പ്രക്ഷോഭത്തിലേയ്ക്ക് കടക്കാനാണ് ഇരുകൂട്ടരുടേയും തീരുമാനം. എന്നാല്‍ മലാപ്പറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള മൂന്നര കിലോമീറ്റര്‍ ദേശീയപാത 766ന്‍റെ ഭാഗമാണെന്നും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം.