ചുറ്റുമുള്ളവരെ സേവിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. കോഴിക്കോട് മുക്കം മുത്തേരി സ്വദേശിയായ ഇരുപത്തിനാലുകാരി അഞ്ജുഷ പക്ഷെ തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ ഒരു മാര്‍ഗമാണ്. നാട്ടിലെ ജനകീയ കൂട്ടായ്മയുടെ ആംബുലന്‍സില്‍ ഡ്രൈവറായി. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിലും വലുത് മറ്റൊന്നുമില്ലെന്ന് അഞ്ജുഷ പറയുന്നു.
ലക്ഷ്യവും വേഗവുമാണ് ഇവിടെ പ്രധാനം. ഇതിനിടയില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാകാം. ഇതെല്ലാം അറിഞ്ഞിട്ടുതന്നെയാണ് അഞ്ജുഷ ആംബുലന്‍സ് ഓടിക്കാനിറങ്ങിയത്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നത് കടമയായി കണ്ടാല്‍ പിന്നെ ധൈര്യവും ഊര്‍ജവും തനിയെ വരുമെന്ന് അഞ്ജുഷ പറയുന്നു.
മുത്തേരി ഫൈറ്റേഴ്സ് ക്ലബ്ബാണ് നാടിനായി ആംബുലന്‍സ് വാങ്ങിയത്. അന്ന് മുതല്‍ അഞ്ജുഷ ആംബുലന്‍സിന്‍റെ ഭാഗമായി. ആംബുല്‍സിന്‍റെ ഡ്രൈവിങ് സീറ്റില്‍ അഞ്ജുഷയെ കാണുമ്പോള്‍ നാട്ടുകാര്‍ക്കും അഭിമാനം. ഡ്രൈവറായ അച്ഛനാണ് ആംബുന്‍സ് ഓടിക്കാന്‍ പഠിപ്പിച്ചത്. ദന്തല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന അഞ്ജുഷ ഒഴിവുസമയങ്ങള്‍ കണ്ടെത്തിയും, അവധിയെടുത്തുമാണ് ആംബുലന്‍സ് ഡ്രൈവറായി സേവനം ചെയ്യുന്നത്.