തീവ്രവോട്ടര്‍പട്ടിക പരിഷ്കരണം ബിഎല്‍ഒമാര്‍ക്ക് കഷ്ടപ്പാട് സൃഷ്ടിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ കോഴിക്കോട്ടെ ജില്ലാ ഭരണകൂടം. കടപ്പുറത്ത് സംഘടിപ്പിച്ച സമാപനപരിപാടിയില്‍ പട്ടം പറത്തിയാണ് സന്തോഷം പങ്കുവച്ചത്.
കടപ്പുറമാകെ പല നിറത്തിലുള്ള പട്ടങ്ങള്‍. എസ്ഐആര്‍ പ്രചരണത്തില്‍ പങ്കെടുത്ത 37 കോളജിലെ അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് പട്ടംപറത്താന്‍ ഒത്തുകൂടിയത്. ജില്ലയില്‍ എസ്ഐആര്‍ നൂറുശതമാനം പൂര്‍ത്തിയാക്കിയ ബിഎല്‍ഒമാരും എത്തിയിരുന്നു.
കോളജുകളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ് അംഗങ്ങളും, എന്‍എസ്എസ് വോളണ്ടിയര്‍മാരുമാണ് പ്രചാരണത്തിന്റ ഭാഗമായത്. സമാപന ചടങ്ങ് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. 'എ ഡേ വിത്ത് ബിഎല്‍ഒ' എന്ന പേരില്‍ നടത്തിയ പ്രചാരണത്തിന് ജില്ലയിലാകെ നാലായിരം വോളണ്ടിയര്‍മാരാണ് അണിനിരന്നത്.