കോഴിക്കോട് മലാപ്പറമ്പിൽ ദേശീയപാത നിർമ്മാണം തടഞ്ഞു നാട്ടുകാർ. പാച്ചക്കലിൽ തണ്ണീർത്തടം നികത്തുന്നതിൽ പ്രതിഷേധിച്ചാണ് നിർമ്മാണം തടഞ്ഞത്. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ നികത്തിയ ഭാഗത്തെ മണ്ണ് പൂർണമായി നീക്കം ചെയ്യാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകി.
പാച്ചക്കലിൽ ദേശീയപാത വയഡക്റ്റിനോട് ചേർന്നുള്ള സർവീസ് റോഡിന് സമീപമുള്ള തണ്ണീർ തടമാണ് മണ്ണിട്ട് നികത്തിയത്. സ്വകാര്യ വ്യക്തിയുമായി ചേർന്ന് കരാർ കമ്പനി തണ്ണീർത്തടം നികത്തിയെന്നാണ് നാട്ടുകാരുടെ പരാതി. തണ്ണീർത്തടം നികത്തിയാൽ സമീപത്തെ വീടുകളിലേക്ക് മഴക്കാലത്ത് വെള്ളം കയറും.
നികത്തൽ തുടങ്ങിയപ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. മണ്ണ് മാറ്റാമെന്ന് പറഞ്ഞെങ്കിലും ഇന്നലെ രാത്രി വീണ്ടും നികത്തൽ തുടങ്ങി. ഇതോടെയാണ് മലാപ്പറമ്പിലെ ദേശീയപാത നിർമ്മാണം നാട്ടുകാർ തടഞ്ഞത്. കരാർ കമ്പനിയുടെ വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. നികത്തിയ ഭാഗത്തെ മണ്ണ് പൂർണമായി നീക്കം ചെയ്യാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മൂന്ന് ദിവസത്തിനകം മണ്ണ് നീക്കമെന്നാണ് ഉറപ്പ്. നികത്തിയ ഭാഗത്തെ മണ്ണ് കമ്പനി നീക്കി തുടങ്ങി.