കോഴിക്കോട് എന്‍ഐടിയില്‍ രാത്രികാല കര്‍ഫ്യൂവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് 33 ലക്ഷം രൂപ പിഴയിട്ട നടപടി പിന്‍വലിച്ചു. സംഭവം അന്വേഷിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പിഴ ഒഴിവാക്കുന്നതെന്നാണ് വിശദീകരണമെങ്കിലും ബാങ്ക് ഗ്യാരന്റി കണ്ടുകെട്ടിയതിനെതിരെ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചതാണ് അച്ചടക്ക നടപടി ഉപേക്ഷിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ഹോസ്റ്റലിലെ രാത്രികാല കര്‍ഫ്യൂവിനെതിരെ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സ്റ്റുഡന്‍റ്സ് അഫയേഴ്സ് കൗണ്‍സിലിന്റ നേതൃത്വത്തില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ എന്‍ഐടിയുടെ കവാടം ഉപരോധിച്ചത്. ഇതിന് പിന്നാലെ അഞ്ചു വിദ്യാര്‍ഥികള്‍ക്കെതിരെ 6.61 ലക്ഷം രൂപ വീതം 33 ലക്ഷം രൂപ പിഴ ചുമത്തി. ഇതിനെതിരെ വിദ്യാര്‍ഥികള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
എന്നാല്‍ 12 തവണ കേസ് വിളിച്ചിട്ടും മറുപടി നല്‍കാന്‍ എന്‍.ഐ.ടി അധികൃതര് തയാറായില്ല. പിഴ ചുമത്തപ്പെട്ട അവസാന വര്‍ഷ വിദ്യാര്‍ഥിയെ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമുള്ള ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പോലും എന്‍ െഎ ടി വിലക്കിയിരുന്നു.ഒടുവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ബാങ്ക് ഗ്യാരന്റി നല്‍കിയാണ് പങ്കെടുക്കാനും ബിരുദം സ്വീകരിക്കാനും കഴിഞ്ഞത്.
വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തിയത് അന്വേഷിക്കാന്‍ എട്ടംഗസംഘത്തേയും നിയോഗിച്ചിരുന്നു,. ചൊവ്വാഴ്ച ഈ സംഘം എന്‍ഐടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പിഴ ഈടാക്കിയത് റദ്ദാക്കിക്കൊണ്ട് ഡയറക്ടര്‍ ഉത്തരവിറക്കിയത്. വിദ്യാര്‍ഥികള്‍ നല്‍കിയ ബാങ്ക് ഗ്യാരന്റി എന്‍ഐടി അധികൃതര്‍ നിയമവിരുദ്ധമായി കണ്ടുകെട്ടിയെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതും പിഴ ഒഴിവാക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് സൂചന.