പൊതുയിടങ്ങളില്‍ വളരുന്ന കഞ്ചാവ് ചെടികള്‍ എക്സൈസിനും പൊലീസിനും തലവേദനയാകുന്നു. കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയത് 21 കഞ്ചാവ് ചെടികളാണ്. കഞ്ചാവ് ചെടികള്‍ പൊതുയിടങ്ങളില്‍ മുളയ്ക്കുന്നതിന്‍റെ കാരണം ക്യത്യമായി കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമാവുന്നില്ല.
മേപ്പയ്യൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത് ഈ മാസം ഒമ്പതിനാണ്. ഏപ്രില്‍ 21-ാം തിയതി കൊടുവള്ളി സംസ്ഥാന പാതയ്ക്കരികില്‍ നിന്നും രണ്ട് കഞ്ചാവ് ചെടികളും പിടികൂടിയിരുന്നു. ഇത്തരത്തില്‍ ഈ വര്‍ഷം എക്സൈസ് പിടികൂടിയത് 16 കഞ്ചാവ് ചെടികളാണ്. പൊലീസ് അഞ്ചുകേസുകളും രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞവര്‍ഷം 17 കഞ്ചാവ് ചെടികളാണ് ജില്ലയില്‍ നിന്ന് പിടികൂടിയത്. എക്സൈസ് ഹോട്ട്സ്പോട്ട് ആയി കണ്ടെത്തിയ താമരശേരി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് ചെടികള്‍ പിടികൂടിയത്. അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലാണ് കഞ്ചാവ് ചെടികള്‍ കൂടുതലും പിടികൂടുന്നത്. കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നത് 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.