കോഴിക്കോട് അരയിടത്തുപാലം ജംക്ഷനിലെ മേല്‍പ്പാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗം ഇളകി മാറിയ അവസ്ഥയില്‍. പലതവണ ചൂണ്ടിക്കാട്ടിയിട്ടും പൊതുമരാമത്ത് വകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല. ചൊവ്വാഴ്ച ഇവിടെയാണ് സ്വകാര്യബസ് ബൈക്കിലിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിക്കുകയും അന്‍പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്.
ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന നഗരമധ്യത്തിലെ പ്രധാന മേല്‍പ്പാലം. പാലത്തിന്റ ബീമും അപ്രോച്ച് റോഡും ചേരുന്ന ഭാഗം. 30 സെന്റീമീറ്ററോളം വിടവ്. ഇവിടുത്തെ കോണ്‍ക്രീറ്റ് ഭാഗം ഇളകിപ്പോയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. കണ്ണില്‍ പൊടിയിടാന്‍ താല്‍കാലികമായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് ആ ഭാഗം നികത്തിയിട്ടുണ്ട്. അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ ഇവിടെയെത്തുമ്പോള്‍ ഉയര്‍ന്ന് ചാടുന്നത് പതിവാണ്.
2009 ല്‍ പൂര്‍ത്തീകരിച്ച പാലത്തിന്റ നിര്‍മാണത്തില്‍ മുമ്പും പരാതികളുണ്ടായിരുന്നു. പാലത്തിന്‍റെ കൈവരിക്ക് വേണ്ടത്ര ഉയരമില്ലെന്നും അപകടത്തില്‍പെടുന്ന വാഹനങ്ങള്‍ താഴേക്ക് പതിക്കാന്‍ ഇടയുണ്ടെന്നും നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ ഇന്നുവരെ അതിലും പരിഹാരമുണ്ടായിട്ടില്ല.