NEW DELHI 2024 DECEMBER 05    :  Rajmohan Unnithan MP   . @ JOSEKUTTY PANACKAL / MANORAMA

NEW DELHI 2024 DECEMBER 05 : Rajmohan Unnithan MP . @ JOSEKUTTY PANACKAL / MANORAMA

ഗവ. പ്ലീഡര്‍ നിയമനത്തില്‍ കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താനും യൂത്ത് കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം പരസ്യപ്പോരിലേക്ക്. മകനെ അധിക്ഷേപിച്ച് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റിട്ടതിന് പിന്നാലെ ഉണ്ണിത്താന്‍ പരസ്യപ്രതികരണത്തിനിറങ്ങുന്നുവെന്നാണ് സൂചന. ഷാഫി പറമ്പിലിനെതിരെ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശമാണ് യൂത്ത് കോണ്‍ഗ്രസുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്.  

കാസർകോട് ജില്ലയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടേയും ഗവ. പ്ലീഡർമാരുടേയും പട്ടികയെച്ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. ഡിസിസി നിര്‍ദേശിച്ചവരെ പലരേയും പരിഗണിക്കാതെ സിപിഎം അനുകൂലിയും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ അംഗവുമായ അഡ്വ. എ. വിദ്യാധരൻ നമ്പ്യാരെ അഡീഷണൽ ഗവ. പ്ലീഡറായി നിയമിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം.

വിദ്യാധരന്‍റെ മെമ്പര്‍ഷിപ്പ് കാര്‍ഡുവരെ യൂത്ത് കോണ്‍ഗ്രസുകാര്‍ സമൂഹമാധ്യത്തിലിട്ടു. നിയമനത്തിനെതിരെ ജില്ലാ പ്രസിഡന്‍റ് കെ.ആർ. കാർത്തികേയൻ കെപിസിസിക്കും മുഖ്യമന്ത്രിക്കും പരാതിയും നല്‍കി.

എന്നാല്‍ ഡിസിസി പട്ടികയിലുള്ള ആളാണ് വിദ്യാധരനെന്നും യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ട മെമ്പര്‍ഷിപ്പ് കാര്‍ഡ് വ്യാജമാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചടിച്ചു.

യൂത്ത് കോൺഗ്രസ് തിരിഞ്ഞെടുപ്പില്‍ വ്യാജ മെമ്പർഷിപ്പ് വന്നയിടമാണ് കാസർകോട് എന്ന പ്രസ്താവനകൂടിയായതോടെ യൂത്തുകോണ്‍ഗ്രസും തിരിച്ചടിച്ചു. പാലം കടക്കും വരെ നാരായണ, പാലം കടന്നാൽ കൂരായണ എന്ന പരിഹാസ കാർട്ടൂൺ പുറത്തുവിട്ടു. ഇതിനിടെ എഐസസി അധ്യക്ഷനെ കണ്ട് പരാതി പറയാന്‍ എ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഷാഫി പറമ്പില്‍ പോയതിനെ ഉണ്ണിത്താന്‍ വിമര്‍ശിച്ചത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി. 

ഷാഫി ഏത് ഗ്രൂപ്പാണെന്ന് കേരളത്തിൽ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നായിരുന്നു ഉണ്ണിത്താന്‍റെ പരിഹാസം. ഇതോടെ ഷാഫിയെ അനുകൂലിക്കുന്നവര്‍ ഉണ്ണിത്താനെതിരെ കടന്നാക്രമണം കൂട്ടി. ഉണ്ണിത്താൻ സ്മോൾ ബോയ്, മകൻ ഇപ്പോൾ ബിജെപിയിലെ ഏത് ഗ്രൂപ്പിലാണ്?ഷാഫി ചെല്ലുന്നിടത്ത് പൂവിട്ട് സ്വീകരിക്കുന്നു, ഉണ്ണിത്താൻ ചെല്ലുന്നിടത്ത് ചീമുട്ട എറിയുന്നു എന്നിങ്ങനെയായിരുന്നു പരാമര്‍ശങ്ങള്‍. ഇതിന് കടുത്തഭാഷയില്‍ ഉണ്ണിത്താന്‍ മറുപടി പറഞ്ഞേക്കുമെന്നാണ് സൂചന. ഉണ്ണിത്താനും ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസലും തമ്മിലുള്ള ഭിന്നത ഒരുവശത്ത് രൂക്ഷമാകുന്നതിനിടെയാണ് മറുവശത്ത് പുതിയ വിവാദം. 

ENGLISH SUMMARY:

The escalating public feud between Kasaragod MP Rajmohan Unnithan and the Youth Congress over a government pleader appointment. The controversy has deepened following sharp exchanges involving party leaders and internal factional disputes.