കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് അമല്‍ ഉണ്ണിത്താന്. എല്ലാം ഒപ്പിച്ചത് രമേശ് ചെന്നിത്തലയാണെന്നും എന്നിട്ട് അരങ്ങില്‍ കളി കാണുകയാണെന്നും അമല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. വി.ഡി. സതീശനെ മാറ്റാനാണോ ശ്രമമെന്ന് നേതൃത്വം പറയണം. ഉണ്ണിത്താന് ബിജെപി ബന്ധം പറയുന്നവര്‍ തെളിവ് കാണിക്കണമെന്നും അമല്‍ ആവശ്യപ്പെട്ടു.
അമലിന്റെ കുറിപ്പിങ്ങനെ: 'കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഭരണമാണോ, അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള മ്യൂസിക്കൽ ചെയർ മത്സരമാണോ? കേരളത്തിലെ കോൺഗ്രസിലെ ഇപ്പോഴത്തെ ആഭ്യന്തര തർക്കങ്ങൾ കാണുമ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കഴിയുന്നില്ല. എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തിൽ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തല?
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികൾ കേരളം മറന്നിട്ടില്ല. ഇപ്പോൾ വി.ഡി. സതീശൻ മുഖ്യമന്ത്രിയായിരിക്കെ വീണ്ടും പഴയ രാഷ്ട്രീയ തിരക്കഥ ആവർത്തിക്കുകയാണോ? വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി, ജനവികാരത്തിന്റെ പേരിൽ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നത്? ഈ സംശയങ്ങൾക്ക് കോൺഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നൽകണം. ജനങ്ങൾ വോട്ട് ചെയ്തത് അഞ്ചുവർഷം ഭരിക്കാനാണ്; അഞ്ചുവർഷം മുഴുവൻ മുഖ്യമന്ത്രി ആരാകണമെന്ന് ചർച്ച ചെയ്യാനല്ല! പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണകാലത്ത് സിപിഎം പുലർത്തിയ സംഘടനാപരമായ അച്ചടക്കത്തെ ഞാൻ ബഹുമാനിക്കുന്നു. മുസ്ലിം ലീഗിന്റെ സംഘടനാപരമായ കെട്ടുറപ്പിനെയും അഭിനന്ദിക്കുന്നു. രാഷ്ട്രീയമായി വിയോജിപ്പുകൾ ഉണ്ടാകാം. എന്നാൽ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കോൺഗ്രസിന് അവരിൽനിന്നും പലതും പഠിക്കാനുണ്ടെന്നാണ് എന്റെ അഭിപ്രായം. ഇനി പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ അവസ്ഥ നോക്കൂ!
നേതാക്കളുടെ അധികാരത്തർക്കങ്ങൾക്ക് ന്യായീകരണം കണ്ടെത്താൻ ചാനൽ ചർച്ചകളിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലും രാവും പകലും പോരാട്ടം നടത്തുകയാണ് പ്രവർത്തകർ. കസേര നേതാക്കൾക്ക്, തമ്മിലടി പ്രവർത്തകർക്ക്! എന്തൊരു മനോഹരമായ തൊഴിൽവിഭജനം! ഇനി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനകളെക്കുറിച്ച് പറയാം. അദ്ദേഹം അഭിപ്രായം പറഞ്ഞാൽ ഉടനെ ചിലരുടെ വക ബിജെപി സർട്ടിഫിക്കറ്റ്! എന്താ, കോൺഗ്രസിൽ അഭിപ്രായസ്വാതന്ത്ര്യത്തിനും ഇപ്പോൾ ഗ്രൂപ്പ് നേതാക്കളുടെ എൻഒസി വേണമെന്നുണ്ടോ?
രാജ്മോഹൻ ഉണ്ണിത്താന് ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്നവരോട് ചോദിക്കട്ടെ: എന്താണ് നിങ്ങളുടെ തെളിവ്? ഉണ്ടെങ്കിൽ പുറത്തുവിടൂ. അദ്ദേഹത്തിന്റെ പ്രസ്താവനകളെ രാഷ്ട്രീയമായി നേരിടൂ. അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കിൽ ബിജെപി മുദ്ര, ചോദ്യം ചോദിച്ചാൽ പാർട്ടിവിരുദ്ധൻ, വിമർശിച്ചാൽ അച്ചടക്കലംഘനം. ഇതാണോ കോൺഗ്രസിലെ ആഭ്യന്തര ജനാധിപത്യം? ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കാണിക്കുന്നതിനേക്കാൾ ആവേശം അധികാരക്കസേരയെക്കുറിച്ചുള്ള ചർച്ചകളിൽ കാണിക്കുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രി കസേര ഒന്നേയുള്ളൂ. എന്നാൽ കേരളത്തിൽ പരിഹരിക്കപ്പെടേണ്ട ജനകീയ പ്രശ്നങ്ങൾ ആയിരക്കണക്കിനുണ്ട്.
രാഷ്ട്രീയ നേതൃത്വത്തോട് അവസാനമായി ഒരു ചോദ്യം: ജനങ്ങൾക്ക് വേണ്ടി അധികാരം ഉപയോഗിക്കാനാണോ നിങ്ങൾ രാഷ്ട്രീയത്തിൽ വന്നത്, അതോ അധികാരത്തിനുവേണ്ടി ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും ഉപയോഗിക്കാനാണോ? വിമർശനങ്ങൾക്ക് മറുപടി നൽകേണ്ടത് തെളിവുകളും വസ്തുതകളും കൊണ്ടാണ്; ബിജെപി സർട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ടല്ല!'
അതേസമയം, ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താനും യൂത്ത് കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കവും പരസ്യപ്പോരിലേക്ക്. മകനെ അധിക്ഷേപിച്ച് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റിട്ടതിന് പിന്നാലെ ഉണ്ണിത്താന് പരസ്യപ്രതികരണത്തിനിറങ്ങുന്നുവെന്നാണ് സൂചന. ഷാഫി പറമ്പിലിനെതിരെ ഉണ്ണിത്താന് നടത്തിയ പരാമര്‍ശമാണ് യൂത്ത് കോണ്‍ഗ്രസുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
കാസർകോട് ജില്ലയിലെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടേയും ഗവ. പ്ലീഡർമാരുടേയും പട്ടികയെച്ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. ഡിസിസി നിര്‍ദേശിച്ചവരെ പലരേയും പരിഗണിക്കാതെ സിപിഎം അനുകൂലിയും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ അംഗവുമായ അഡ്വ. എ. വിദ്യാധരൻ നമ്പ്യാരെ അഡീഷണൽ ഗവ. പ്ലീഡറായി നിയമിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം.വിദ്യാധരന്റ മെമ്പര്‍ഷിപ്പ് കാര്‍ഡുവരെ യൂത്ത് കോണ്‍ഗ്രസുകാര്‍ സമൂഹമാധ്യത്തിലിട്ടു. നിയമനത്തിനെതിരെ ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ കെപിസിസിക്കും മുഖ്യമന്ത്രിക്കും പരാതിയും നല്കി.
എന്നാല്‍ ഡിസിസി പട്ടികയിലുള്ള ആളാണ് വിദ്യാധരനെന്നും യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ട മെമ്പര്‍ഷിപ്പ് കാര്‍ഡ് വ്യാജമാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന് തിരിച്ചടിച്ചു. യൂത്ത് കോൺഗ്രസ് തിരിഞ്ഞെടുപ്പില്‍ വ്യാജ മെമ്പർഷിപ്പ് വന്നയിടമാണ് കാസർകോട് എന്ന പ്രസ്താവനകൂടിയായതോടെ യൂത്തുകോണ്‍ഗ്രസും തിരിച്ചടിച്ചു. 'പാലം കടക്കും വരെ നാരായണ, പാലം കടന്നാൽ കൂരായണ' എന്ന പരിഹാസ കാർട്ടൂൺ പുറത്തുവിട്ടു. ഇതിനിടെ എഐസിസി അധ്യക്ഷനെ കണ്ട് പരാതി പറയാന്‍ എ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഷാഫി പറമ്പില്‍ പോയതിനെ ഉണ്ണിത്താന് വിമര്‍ശിച്ചത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി. 'ഷാഫി ഏത് ഗ്രൂപ്പാണെന്ന് കേരളത്തിൽ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാ'മെന്നായിരുന്നു ഉണ്ണിത്താന്റ പരിഹാസം. ഇതോടെ ഷാഫിയെ അനുകൂലിക്കുന്നവര്‍ ഉണ്ണിത്താനെതിരെ കടന്നാക്രമണം കൂട്ടി. 'ഉണ്ണിത്താൻ സ്മോൾ ബോയ്, മകൻ ഇപ്പോൾ ബിജെപിയിലെ ഏത് ഗ്രൂപ്പിലാണ്?ഷാഫി ചെല്ലുന്നിടത്ത് പൂവിട്ട് സ്വീകരിക്കുന്നു, ഉണ്ണിത്താൻ ചെല്ലുന്നിടത്ത് ചീമുട്ട എറിയുന്നു' എന്നിങ്ങനെയായിരുന്നു പരാമര്‍ശങ്ങള്‍. ഇതിന് കടുത്തഭാഷയില്‍ ഉണ്ണിത്താന് മറുപടി പറഞ്ഞേക്കുമെന്നാണ് സൂചന. ഉണ്ണിത്താനും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും തമ്മിലുള്ള ഭിന്നത ഒരുവശത്ത് രൂക്ഷമാകുന്നതിനിടെയാണ് മറുവശത്ത് പുതിയ വിവാദം.