abvo-protest

കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർവകലാശാലാ ഭരണകൂടം പരാജയപ്പെടുകയാണെന്ന് ആരോപിച്ച് എ.ബി.വി.പി വിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

വിദ്യാർഥികൾക്ക് പഠനത്തിന് ആവശ്യമായ കെട്ടിട സൗകര്യങ്ങൾ മതിയായ രീതിയിൽ ലഭ്യമല്ലെന്നും ഹോസ്റ്റലുകളിൽ സ്റ്റഡി ടേബിളുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിലനിൽക്കുന്നുവെന്നും എ.ബി.വി.പി ആരോപിച്ചു. എന്നാൽ വൈസ് ചാൻസലറുടെ ബംഗ്ലാവ് നവീകരിക്കാനും 40 ലക്ഷം രൂപയുടെ കാർ വാങ്ങാനും അഡ്മിനിസ്ട്രേഷൻ ബിൽഡിംഗ് നവീകരിക്കാനുമായി സർവകലാശാല പണം ചെലവഴിക്കുന്നതായും സംഘടന ആരോപിച്ചു.

വിദ്യാർഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിച്ച് ഭരണപരമായ സൗകര്യങ്ങൾക്കും ആഡംബരങ്ങൾക്കും മുൻഗണന നൽകുന്ന സർവകലാശാലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. എ.ബി.വി.പി സംസ്ഥാന സമിതി അംഗം ജയരാജ് ഭട്ട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ വിക്കി കുമാർ,അഞ്ജനലക്ഷ്മി, കൃഷ്ണൻ , മനീഷ് ഷെട്ടി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

വിദ്യാർഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഉറപ്പാക്കണമെന്നും വിദ്യാർഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം തുടരുമെന്നും പ്രവർത്തകർ വ്യക്തമാക്കി.

ENGLISH SUMMARY:

The Akhil Bharatiya Vidyarthi Parishad (ABVP) staged a protest march to the Vice-Chancellor's office at the Central University of Kerala, alleging a severe failure by the university administration to provide basic infrastructure for students. The student organization highlighted the lack of adequate academic buildings, study tables, and clean drinking water in hostels. Meanwhile, ABVP accused the administration of prioritizing luxuries, including spending funds to renovate the Vice-Chancellor's bungalow, purchase a ₹40 lakh car, and refurbish the administration building. ABVP State Committee member Jayaraj Bhatt inaugurated the demonstration and warned of intensified protests if student grievances remain unaddressed.