thrikkarippur-miyawaki

ജൈവവൈവിധ്യ സംരക്ഷണത്തിനു വേറിട്ട മാതൃക തീർക്കുകയാണു തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്. പച്ചത്തുരുത്തുകളും മിയാവാക്കി വനവും കാവ് സംരക്ഷണവുമെല്ലാം ചേർന്നതാണു തൃക്കരിപ്പൂരിന്റെ ഹരിത മാതൃക. അക്കേഷ്യ രഹിത പഞ്ചായത്ത് എന്ന ലക്ഷ്യമിട്ടായിരുന്നു പുതിയ ദൗത്യം.

ചൊരിമണല്‍ നിറഞ്ഞ കടലോര ഗ്രാമത്തെയാകെ ചെറുവനങ്ങള്‍ കൊണ്ടു പച്ചപന്തലൊരുക്കിയ നാടാണു തൃക്കരിപ്പൂര്‍. അക്കേഷ്യ മരങ്ങള്‍ വെള്ളമൂറ്റുന്നുവെന്ന തിരിച്ചറിവില്‍ 2021ലാണു പഞ്ചായത്ത് മാറി നടക്കാന്‍ തുടങ്ങിയത്. ജൈവവൈവിധ്യ പരിപാലന സമിതിയുണ്ടാക്കിയതിനു പിറകെ അക്കേഷ്യ മരങ്ങള്‍ പിഴുതെറിഞ്ഞു. അവിടങ്ങളില്ലാം കിട്ടാവുന്ന നാടന്‍ ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചു. 

അങ്ങനെ തൃക്കരിപ്പൂര്‍ പഞ്ചായത്തിലാകെ 120 ല്‍ അധികം ചെറുകാടുകളുയര്‍ന്നു. പറ്റാവുന്നയിടത്തല്ലാം മിയാവാക്കി വനങ്ങള്‍ വളര്‍ത്തിയെടുത്തു. നാടാകെ പച്ചപ്പുയര്‍ന്നപ്പോള്‍ 2025ലെ മികച്ച ഹരിത പഞ്ചായത്തിനുള്ള ഹരിത വീഥി അവാര്‍ഡും തൃക്കരിപ്പൂരിലെത്തി. 

വിശ്വാസത്തില്‍ പിണഞ്ഞുകിടക്കുന്ന കാവുകളുടെ നാടുകൂടിയാണു തൃക്കരിപ്പൂര്‍. പഞ്ചായത്ത് മുന്‍കൈ എടുത്തു കാവുകള്‍ക്കെല്ലാം വേലി  കെട്ടിയതോടെ അപൂര്‍വ ജൈവസമ്പത്തിനുമേലുള്ള കയ്യേറ്റവും ഇല്ലാതായി വികസനത്തിനൊപ്പം പ്രകൃതിയെയും ചേർത്തുപിടിച്ച തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പച്ചത്തുരുത്തുകളിലൂടെ വരുംതലമുറയ്ക്കായി ഒരുക്കുന്നത് ജൈവവൈവിധ്യത്തിന്റെ കരുതൽപ്പച്ചയാണ്.

ENGLISH SUMMARY:

Trikaripur Grama Panchayat is setting a unique model in biodiversity conservation by establishing green islets, Miyawaki forests, and sacred grove protections across its sandy coastal landscape. Recognizing that invasive acacia trees deplete groundwater, the panchayat formed a Biodiversity Management Committee in 2021 to uproot acacias and plant native flora in their place. This sustained effort led to the creation of over 120 mini-forests, earning Trikaripur the prestigious Haritha Veethi Award for the best green panchayat in 2025. Additionally, the local administration fenced off traditional sacred groves (Kavukal) to protect rare ecological heritage from human encroachment while building a sustainable green future for coming generations.