television-day-special-kasaragodu
  • ചെറിയ രൂപത്തിലുള്ള ടെലിവിഷൻ സെറ്റുകൾ മുതൽ വിവിധ കമ്പനികളുടെ പഴയകാല മോഡലുകൾ വരെയുണ്ട്

ഇന്ന് ലോക ടെലിവിഷന്‍ ദിനം. ഒരു കാലത്ത് വീടുകളിലെ ഏറ്റവും വലിയ കൗതുകമായിരുന്നു ടെലിവിഷൻ. ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീനിൽ തുടങ്ങി കളറിലേക്കും പിന്നീട് സാങ്കേതികവിദ്യയുടെ അതിവേഗ മാറ്റങ്ങൾക്കൊപ്പം ടെലിവിഷനും വളർന്നു. ആ മാറ്റങ്ങളുടെ ചരിത്രം ഇന്നും കാത്തുസൂക്ഷിക്കുന്നു കാസർകോട് പൈക്ക സ്വദേശി ഹമീദ് കുഞ്ഞിപ്പാറ.

വിരൽത്തുമ്പിലാണ് ഇന്ന് ടെലിവിഷൻ. മൊബൈൽ ഫോണിലും ടാബിലും വരെ ടെലിവിഷൻ പരിപാടികൾ കാണാം. എന്നാൽ, ഒരു കാലത്ത് വീടിന്റെ സ്വീകരണമുറിയിലെ ഏറ്റവും വലിയ ആകർഷണമായിരുന്നു ഈ പെട്ടിക്കാഴ്ച. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തുനിന്ന് ടെലിവിഷൻ നടത്തിയ യാത്രയുടെ ഓർമ്മകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

ചെറിയ രൂപത്തിലുള്ള ടെലിവിഷൻ സെറ്റുകൾ മുതൽ വിവിധ കമ്പനികളുടെ പഴയകാല മോഡലുകൾ വരെയുണ്ട് ഇവിടെ. ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനുകളും ആദ്യകാല കളർ ടെലിവിഷനുകളും പിന്നീട് പുറത്തിറങ്ങിയ മോഡലുകളും ഹമീദിന്റെ ശേഖരത്തിലുണ്ട്. രൂപത്തിലും വലുപ്പത്തിലും സാങ്കേതികവിദ്യയിലും വന്ന മാറ്റങ്ങൾ ഈ ശേഖരത്തിൽനിന്ന് വായിച്ചെടുക്കാം. ടെലിവിഷൻ സെറ്റുകൾക്ക് ലൈസൻസ് എടുക്കേണ്ടിയിരുന്ന കാലത്തെക്കുറിച്ചും ഹമീദിന് പറയാനുണ്ട്. വീടുകളിൽ ടെലിവിഷൻ എത്തിയതോടെ അയൽവാസികൾ ഒരുമിച്ചിരുന്ന് പരിപാടികൾ കണ്ടിരുന്ന കാലവും ഓർമകളിലുണ്ട്.

ടെലിവിഷനിൽ മാത്രം ഒതുങ്ങുന്നതല്ല ഹമീദിന്റെ കൗതുകലോകം. പഴയകാല ടെലിഫോണുകൾ, ഗ്രാമഫോൺ, ടേപ്പ് റെക്കോർഡറുകൾ, സീഡികൾ, പഴയ നാണയങ്ങൾ, കറൻസികൾ, തപാൽ സ്റ്റാമ്പുകൾ തുടങ്ങി കാലം പിന്നിട്ട നിരവധി വസ്തുക്കൾ ഹമീദിന്റെ ശേഖരത്തിലുണ്ട്. കാലം കടന്നുപോയിട്ടും ഉപേക്ഷിക്കാതെ സൂക്ഷിച്ച ഓരോ വസ്തുവും പഴയൊരു കാലത്തിന്റെ കഥ പറയുകയാണിവിടെ. 

ENGLISH SUMMARY:

On World Television Day, Hameed Kunjippara from Paika in Kasaragod preserves the rich technological evolution of television, from early black-and-white sets to vintage color models. His collection highlights the dramatic changes in television design, size, and technology over the decades, evoking memories of an era when owning a TV required a government license and neighbors gathered together in living rooms to watch programs.