നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കകം തന്നെ റോഡിൽ വിള്ളലും തള്ളിച്ചയും. കാസർകോട് എരുമക്കുളം – താനിയടി റോഡാണ് തകർന്നത്. നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്.
അഞ്ച് കോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച റോഡിലാണ് പലയിടത്തും വിള്ളലുകൾ രൂപപ്പെട്ട് ടാറിങ് ഇളകിത്തുടങ്ങിയത്. ചിലയിടങ്ങളിൽ നാല് മീറ്ററിലധികം ഉയരത്തിലുള്ള പാർശ്വഭിത്തി പുറത്തേക്ക് തള്ളുകയും ചെയ്തു. റോഡിൽ വിള്ളൽ വീണപ്പോൾ കോൺക്രീറ്റ്, ടാറിങ് മിശ്രിതം ഒഴിച്ച് വിണ്ടുകീറിയ ഭാഗം അടയ്ക്കുക മാത്രമാണ് അധികൃതർ ചെയ്തത്. ഇവിടെ റോഡ് ഒരുഭാഗം താഴ്ന്ന നിലയിലാണെന്നും നാട്ടുകാര്‍ പറയുന്നു.
റോഡിനായി സ്ഥലം വിട്ടുനൽകിയവരോട് കരാറുകാരൻ വാക്കുപാലിച്ചില്ലെന്നും ഭൂവുടമകൾ പരാതിപ്പെട്ടു. റോഡ് നിർമാണ സമയത്തു ബാക്കിവന്ന വലിയ കല്ലുകളും മണ്ണും കൂട്ടിയിട്ടു പ്രദേശം തങ്ങൾക്ക് ഉപയോഗശൂന്യമായ നിലയിലാണെന്നും, കല്ലും മണ്ണും നീക്കാമെന്ന് കരാറുകാരൻ അറിയിച്ചെങ്കിലും ഇതുവരെയും ഇതു നീക്കിയിട്ടില്ലെന്നും ഭൂവുടമകൾ പറയുന്നു.
റോഡ് നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് പ്രദേശവാസികൾ നേരത്തെയും അധികൃതർക്ക് പരാതി നൽകിയിരുന്നു. റോഡിന്റെ നിലവാരം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.