cuk-incharge-kasaragod-vc
  • കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ പുതിയ അധ്യയന വർഷത്തിലും ഇൻചാർജ് ഭരണമാണ് തുടരുന്നത്

പ്രധാന തസ്തികകളിൽ സ്ഥിരം നിയമനമില്ലാതെ കേരള കേന്ദ്ര സർവകലാശാല. രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, എക്സിക്യൂട്ടീവ് എൻജിനീയർ, ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അധ്യാപകർക്ക് അധിക ചുമതല നൽകിയാണ് ഭരണനിർവഹണം.

കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ പുതിയ അധ്യയന വർഷത്തിലും ഇൻചാർജ് ഭരണമാണ് തുടരുന്നത്. രജിസ്ട്രാർ നിയമനം നടക്കാതെ ഒരു വർഷത്തോളമായി. ഫിനാൻസ് ഓഫീസർ തസ്തികയിലും സ്ഥിരം നിയമനമില്ല. കഴിഞ്ഞ മാസം നടത്തിയ അഭിമുഖത്തിൽ പങ്കെടുത്ത 13 പേരും അനുയോജ്യരല്ലെന്നായിരുന്നു വൈസ് ചാൻസലറുടെ തീരുമാനം. 

പ്രധാന ഭരണതസ്തികകൾക്ക് പുറമെ ആർ ആൻഡ് ഡി സെൽ, ലീഗൽ സെൽ, പർച്ചേസ്, എസ്റ്റേറ്റ് വിഭാഗങ്ങൾ തുടങ്ങിയവയുടെ ചുമതലയും അധ്യാപകർക്ക് നൽകിയിട്ടുണ്ട്. ഭരണചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നതിനാൽ അധ്യാപകർക്ക് കൃത്യമായി ക്ലാസുകൾ എടുക്കാൻ കഴിയുന്നില്ലെന്നും ഇത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുമെന്നുമാണ് ഉയരുന്ന  ആക്ഷേപം. 

എക്സിക്യൂട്ടീവ് എൻജിനീയർ തസ്തിക മൂന്ന് വർഷമായി ഒഴിഞ്ഞുകിടക്കുകയാണ്. 52 കോടി രൂപ ചെലവിൽ അക്കാദമിക് കെട്ടിടത്തിന്റെ നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഈ സാഹചര്യം.

വൈസ് ചാൻസലർ സർവകലാശാലാ ഭരണത്തിൽ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നും, പ്രധാന തസ്തികകളിൽ സ്ഥിരം നിയമനം നടത്താതെ അധ്യാപകർക്ക് ഇൻചാർജ് ചുമതല നൽകുന്നത് ഭരണത്തിൽ കേന്ദ്രീകരണം ഉറപ്പാക്കാനാണെന്നും അധ്യാപക - അനധ്യാപക വിഭാഗങ്ങളിൽ നിന്ന് ആരോപണമുണ്ട്.

ENGLISH SUMMARY:

The Central University of Kerala in Periya, Kasaragod, continues to function without permanent appointments to major administrative posts like Registrar, Finance Officer, Executive Engineer, and Librarian. Academic faculty members have been forced to take on these administrative responsibilities, which negatively impacts their ability to conduct regular classes for students. Key departments—including R&D, Legal, Purchase, and Estate—are also managed by teaching staff, while crucial infrastructure roles such as Executive Engineer remain vacant for three years amid ongoing ₹52 crore construction projects. Teachers and non-teaching staff allege that the Vice Chancellor is showing disinterest in university administration and intentionally maintaining temporary in-charge arrangements to centralize administrative power.