vellari-krishi-kasaragod

കടുത്ത വേനലും മഴ കുറഞ്ഞതും കാസർകോട് കൊളിയടുക്കത്തെ  വെള്ളരി കർഷകർക്ക് തിരിച്ചടിയാകുന്നു. പ്രതീക്ഷിച്ച വിളവിന്റെ പകുതി പോലും ലഭിക്കാത്ത സ്ഥിതിയിലാണ് കർഷകർ. 

ഓഗസ്റ്റ് ആദ്യം പ്രതീക്ഷയോടെ തുടങ്ങിയതാണ് വെള്ളരി കൃഷി. ഒന്നര മാസം പിന്നിടുമ്പോൾ കർഷകർക്ക് പറയാനുള്ളത് പ്രതിസന്ധിയുടെ കഥയാണ്. മഴയില്ലാത്തതിനാൽ ദിവസവും മൂന്ന് മുതൽ നാല് മണിക്കൂർ വരെ നനയ്ക്കണം. സ്വന്തം സ്ഥലത്ത് വെള്ളമില്ലാത്തതിനാൽ സമീപത്തെ തോട്ടത്തിലെ ബോർവെല്ലിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്.

നനച്ചാലും കടുത്ത വെയിലിൽ മണ്ണ് പെട്ടെന്ന് ഉണങ്ങും. ഉയർന്ന ചൂട് കാരണം വെള്ളരി വള്ളികളിലെ ഇലകൾ മഞ്ഞനിറമായി കരിയുകയും, വളർച്ച മുരടിച്ച് ഉണങ്ങിപ്പോവുകയും ചെയ്യുന്നു. ചെമ്മനാട് കൃഷിഭവന് കീഴിലെ കാർഷിക കർമസേനയിലെ പത്തോളം പേരാണ് കൃഷി ചെയ്യുന്നത്. 

എൽനിനോ പ്രതിഭാസവും തുടർന്നുണ്ടായ കാലാവസ്ഥ മാറ്റവും പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് കൃഷി ഓഫീസർ കെ. വേണുഗോപാൽ വ്യക്തമാക്കി. ഇതോടെ പ്രതീക്ഷിച്ച വിളവിന്റെ 50 ശതമാനം പോലും ലഭിക്കുമോയെന്ന ആശങ്കയുണ്ടെന്നും കൃഷി ഓഫീസർ പറഞ്ഞു.

വിള നാശമുണ്ടായാൽ  ക്രോപ്പ് ഇൻഷുറൻസ് ചെയ്തിട്ടുണ്ടെങ്കിലും മുഴുവൻ നാശനഷ്ടമുണ്ടായാൽ മാത്രമേ ആനുകൂല്യം ലഭിക്കൂ എന്ന നിബന്ധന കർഷകർക്ക് തിരിച്ചടിയാണ്. ഈ ഘട്ടത്തിൽ സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചാൽ വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

ENGLISH SUMMARY:

Kasaragod farmers in Kolladukka are facing significant crop loss for their cucumber cultivation due to severe drought and reduced rainfall. The prolonged dry spell, exacerbated by El Niño, has resulted in farmers harvesting less than half of their expected yield, leading to financial distress.