കാടുകയറി നശിക്കുകയാണ് കാസർകോട് കുമാരമംഗലത്തെ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കും ടെസ്റ്റിങ് സെന്‍ററും . ജർമ്മൻ ടെക്നോളജിയിൽ നിർമ്മിച്ച പരിശീലന കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാനായില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും പരിശീലന കേന്ദ്രം തുറക്കാത്തത് എന്തെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.
2020 ഫെബ്രുവരി 14 ന് അന്നത്തെ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത ആധുനിക ഡ്രൈവിംഗ് പരിശീലന കേന്ദ്രമാണിത്. ജർമൻ സാങ്കേതികവിദ്യയിലാണ് നിർമ്മാണം നടന്നത്. ഉപകരണങ്ങൾ നിർമ്മിച്ച ജർമ്മൻ കമ്പനിക്ക് ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്‍റര്‍ ടെൻഡർ എടുക്കുന്ന ഏജൻസിക്കും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കും നേരിട്ട് പരിശീലനം നൽകാനായിരുന്നു താല്പര്യം. എന്നാൽ ആറുവർഷം പിന്നിടുമ്പോഴും ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കുകയോ ജർമ്മനിയിൽ നിന്നുള്ള വിദഗ്ധസംഘം ജില്ലയിലേക്ക് എത്തുകയോ ചെയ്തിട്ടില്ല. ഒന്നര ഏക്കർ ഭൂമിയിൽ 4.10 കോടി ചെലവഴിച്ച് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച ആധുനിക ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിന് ഇതുവരെ ഗ്രീൻ സിഗ്നൽ ലഭിച്ചില്ലെന്ന് സാരം.
എല്ലാം ജർമ്മൻ ടെക്നോളജി ആണെന്നും ബാഹ്യ ഇടപെടലുകളില്ലാതെ ഇനിയെല്ലാം സുതാര്യമായി നടക്കുമെന്നുമാണ് ഉദ്ഘാടന വേളയിൽ മന്ത്രി അറിയിച്ചത്. കോവിഡ് കാലത്ത് ജർമ്മനിയിൽ നിന്നുള്ള വിദഗ്ധസംഘത്തിന് എത്താൻ കഴിഞ്ഞില്ല. പിന്നീട് സാമ്പത്തിക പ്രശ്നങ്ങളും പിറകോട്ടടിച്ചു. ചുരുക്കം പറഞ്ഞാൽ നൂലാമാലകളിൽ കുടുങ്ങി മോട്ടോർ വാഹന വകുപ്പിന് പോലും ഈ ട്രാക്കിലൂടെ വണ്ടി മുന്നോട്ട് എടുക്കാൻ കഴിയുന്നില്ല.