rain-monsoon-kerala

സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്ര മഴലഭിക്കും. ഈ മഴക്കാലത്തെ ആദ്യ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയാണ്. പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുളത്. ഈ ജില്ലകളിൽ അതിശക്തമായ മഴ കിട്ടും. മറ്റു ജില്ലകളിൽ യെലോ അലർട്ടാണ്. ഒൻപതാം തീയതി വരെ വ്യാപകമായി മഴ ലഭിക്കാനിടയുണ്ട്. വരുന്ന മൂന്ന് ദിവസം മല്‍സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. കടൽ പ്രക്ഷുബ്ദ്ധമാണ്. കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട് . ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതയില്‍ കോഴിക്കോട് ജില്ല. 2024 ല്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായ നാദാപുരം വിലങ്ങാട് മേഖലയിലെ സാഹചര്യങ്ങള്‍ അതിസൂക്ഷമമായി വിലയിരുത്തുകയാണ് ജില്ലാ ഭരണകൂടം. വിലങ്ങാട്, സമീപപ്രദേശങ്ങളായ മലയങ്ങാട്,വാളൂക്ക്, ഉരുട്ടി എന്നിവടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടെങ്കിലും മാറ്റിപാര്‍പ്പിക്കല്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഇന്നലെ ഉച്ച മുതല്‍ മഴ ഒഴിഞ്ഞു നില്‍ക്കുന്നതിനാലാണിത്. വിലങ്ങാട് നിന്നു മാറ്റിതാമസിപ്പിക്കേണ്ട 70ല്‍ പരം കുടുംബങ്ങള്‍ക്കായി വെള്ളിയോട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ക്യാംപുകള്‍ സജീകരിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ വെള്ളച്ചാട്ടങ്ങളും ബീച്ചുകളും ഉള്‍പ്പെടുന്ന മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇന്നും നാളെയും പ്രവേശനം നിരോധിച്ചു.

അതേസമയം മഴ ശക്തമായതോടെ  ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഒരടിയോളം ഉയർന്നു. ഇടവിട്ട് മഴ ശക്തമാണ്. തോട്ടപ്പള്ളി പൊഴിമുഖത്തു കൂടി കടലിലേക്ക് നീരൊഴുക്ക് ശക്തമാണ്. ദേശീയപാതയുടെ സർവീസ് റോഡിനോടനുബന്ധിച്ച് നിർമിച്ചിരിക്കുന്ന ഓടകളിലൂടെ വെള്ളം ഒഴുകാത്തതിനാൽ സമിപ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഒഴുകിപ്പോകുന്ന ചാലുകളും നാട്ടുതോടുകളും മൂടപ്പെടുകയും കയ്യേറ്റം ഉണ്ടാകുകയോ ചെയ്തതിനാൽ നീരൊഴുക്കില്ല. ജില്ലയുടെ ചില മേഖലകളിൽ കടലാക്രമണവും ശക്തമായി. 

ENGLISH SUMMARY:

The India Meteorological Department has issued this season's first Red Alert for five northern districts in Kerala—Malappuram, Kozhikode, Wayanad, Kannur, and Kasaragod—predicting extremely heavy rainfall. In response to the weather escalation, the respective District Collectors have officially declared a holiday for all educational institutions today in Kozhikode, Wayanad, Kannur, and Kasaragod. The district administration in Kozhikode is on high alert, closely monitoring vulnerable landslide zones like Vilangad and temporarily shutting down all local tourism spots and beaches for two days. Meanwhile, in southern Kerala, intermittent heavy downpours have caused water levels to rise by a foot in the Kuttanad region, leading to significant waterlogging and coastal erosion in Alappuzha. The State Disaster Management Authority has issued a strict advisory prohibiting fishermen from venturing into the rough Arabian Sea for the next three days due to high wave warnings.