സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സ്കൂളിൽ ഫലം പരിശോധിക്കുന്ന വിദ്യാർത്ഥികൾ. (എഎൻഐ ഫോട്ടോ)
സി.ബി.എസ്.ഇ (CBSE) പരീക്ഷകളുടെ പുനർമൂല്യനിർണ്ണയത്തിന് (Revaluation) അപേക്ഷ സമർപ്പിക്കാനുള്ള സമയം കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ ബോർഡ് ഒരു ദിവസം കൂടി നീട്ടി. പുതിയ തീരുമാനപ്രകാരം വിദ്യാർത്ഥികൾക്ക് ഈ മാസം ഏഴാം തീയതി (ജൂൺ 7) അർദ്ധരാത്രി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നേരത്തെ ജൂൺ 6 അർദ്ധരാത്രി വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന സമയം നിശ്ചയിച്ചിരുന്നത്.
സി.ബി.എസ്.ഇ പോർട്ടലിലെ സാങ്കേതിക തകരാറുകൾ മൂലം നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഈ അടിയന്തര ഇടപെടൽ. പുനർമൂല്യനിർണ്ണയത്തിനുള്ള സമയം അവസാനിക്കാറായ ദിവസങ്ങളിൽ സി.ബി.എസ്.ഇ പോർട്ടൽ പൂർണ്ണമായും സ്ലോ ആകുകയോ തകരാറിലാവുകയോ ചെയ്തതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി ഉയർന്നിരുന്നു.
സൈറ്റിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ നിരന്തരം 'Error Message' ആണ് കാണിച്ചിരുന്നത്. ലോഗിൻ ചെയ്തവർക്ക് തന്നെ ഫീസ് അടയ്ക്കാനുള്ള പെയ്‌മെന്റ് ഗേറ്റ്‌വേ കൃത്യമായി പ്രവർത്തിച്ചില്ല. പോർട്ടലിൽ ഇത്തരമൊരു സാങ്കേതിക പ്രശ്നം ഉണ്ടായാൽ അത് ബോധിപ്പിക്കാൻ പ്രത്യേക ഓപ്ഷനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികൾ സി.ബി.എസ്.ഇക്ക് നേരിട്ട് ഇമെയിൽ വഴി പരാതികൾ അയച്ചതോടെയാണ് ബോർഡ് സമയം നീട്ടി നൽകാൻ തയ്യാറായത്.
അപേക്ഷിക്കാനുള്ള സമയം നീട്ടി കിട്ടിയത് നിലവിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് താല്ക്കാലികമായി ആശ്വാസമാണെങ്കിലും, ഇതിന് പിന്നിൽ വലിയൊരു ആശങ്ക മറഞ്ഞിരിപ്പുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അപേക്ഷാ തീയതി നീളുന്നതോടെ പുനർമൂല്യനിർണ്ണയത്തിന്റെ അന്തിമ ഫലപ്രഖ്യാപനവും സ്വാഭാവികമായി വൈകും. നിലവിൽ ഐ.ഐ.ടി (IIT), എൻ.ഐ.ടി (NIT) തുടങ്ങിയ രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പുനർമൂല്യനിർണ്ണയ ഫലം വരാൻ വൈകിയാൽ മാർക്ക് വർധനവിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് പോലും ഈ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടാനുള്ള വലിയ അവസരങ്ങൾ നഷ്ടമായേക്കാം.