ഉറ്റവർ ഉപേക്ഷിച്ച വയോധികന്റെ ശവസംസ്കാരം നടത്തി മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് മെമ്പർ. കാസർകോട് ഉപ്പളയിൽ വായിൽ ക്യാൻസർ ബാധിച്ചു മരിച്ച നാരായണന്റെ മൃതദേഹമാണ് ജില്ലാ പഞ്ചായത്ത് മെമ്പർ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ സംസ്കരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച മരിച്ച 64 കാരൻ നാരായണന്റെ മൃതദേഹമാണ് ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ സംസ്കരിച്ചത്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു സംസ്കാര ചടങ്ങ്. നാട്ടിലെ കടത്തിണ്ണയിൽ ആഴ്ചകളോളം ഒറ്റപ്പെട്ടു കഴിയുകയായിരുന്നു നാരായണൻ. വാർഡ് മെമ്പർ ഷരീഫ് ചിനാല സംഭവം ജില്ലാ പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇക്ബാലിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഷെയ്ഖ് സയ്യിദ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാരായണനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിലായിരുന്ന നാരായണൻ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ ഉറ്റവർ തയ്യാറായില്ല.
നാരായണന്റെ രണ്ട് ഭാര്യമാരും മക്കളും സഹോദരിയും മൃതദേഹം സംസ്കരിക്കാനുള്ള സമ്മതപത്രം ഇർഫാന ഇഖ്ബാലിന് നൽകി കയ്യൊഴിഞ്ഞു. ഇതോടെ ഹൈന്ദവാചാര പ്രകാരം നാരായണന്റെ ശവസംസ്കാരം നടത്തുകയായിരുന്നു. ചെറുഗോളി പൊതുശ്മശാനത്തിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് മെമ്പർ ഇർഫാന ഇക്ബാൽ ചിതയ്ക്ക് തീ കൊളുത്തി.