kasargod

TOPICS COVERED

കാസർകോട് ശാരീരിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പം തകർന്നു വീഴാറായ വീട്ടിൽ ജീവിതം തള്ളി നീക്കുകയാണ് ഒരമ്മ. സമാധാനമായി തല ചായ്ക്കാൻ ഒരു കൊച്ചു വീടെന്ന തൃക്കരിപ്പൂർ സ്വദേശി പുഷ്പയുടെ വലിയ സ്വപ്നത്തിന് മുന്നിൽ കണ്ണ് അടയ്ക്കുകയാണ് അധികൃതർ. വേനൽക്കാലമായതോടെ വിഷപ്പാമ്പുകളെ ഭയന്ന് അമ്മയ്ക്കും മകനും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.  

തൃക്കരിപ്പൂർ ഈയ്യക്കാട്ടെ പുഷ്പയും ശാരീരിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരനായ മകനുമാണ് പെയ്തൊഴിയാത്ത ദുരിതങ്ങളും പേറി കഴിയുന്നത്. സഹോദരന്റെ വീടിനോട് ചേർന്നുള്ള പശുതൊഴുത്ത് അഞ്ചു വർഷം മുൻപാണ് ഇവർ വീടാക്കി മാറ്റിയത്. അടുക്കളയും കിടപ്പുമുറിയും എല്ലാം ഈ ഒറ്റമുറി തൊഴുത്തിൽ തന്നെയാണ്. സമാധാനമായി തല ചായ്ക്കാൻ ഒരു കൊച്ചു വീട് എന്ന പുഷ്പയുടെ വലിയ സ്വപ്നത്തിന് മുന്നിൽ കണ്ണ് അടയ്ക്കുകയാണ് അധികൃതർ.

തകർന്ന ഓടുകൾക്ക് മുകളിൽ ഷീറ്റ് വലിച്ചുകെട്ടിയാണ് നിലവിൽ താമസം. സ്വന്തമായി ശൗചാലയമോ കുടിവെള്ള സൗകര്യമോ ഇല്ലാത്ത ഇവർ സഹോദരന്റെ വീടിനെയാണ് ആശ്രയിക്കുന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി പി.എം.എ.വൈ പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.  സാങ്കേതിക പ്രശ്നങ്ങൾ കാരണം നിലവിലെ വീടിനു നമ്പർ ലഭിക്കാത്ത സാഹചര്യമാണ്. തകർന്നു വീഴാറായ ഈ കൂരയിൽ പാമ്പുകളുടെ ശല്യം മൂലം ഉറക്കം നഷ്ടപ്പെട്ട രാത്രികളാണുള്ളതെന്ന് പുഷ്പ പറയുന്നു.   ഭർത്താവിന്റെ മരണശേഷം ഏക വരുമാനമായ തൊഴിലുറപ്പ് ജോലിയിൽ നിന്നും വിധവാ പെൻഷനിൽ നിന്നും ലഭിക്കുന്ന തുക കൊണ്ടാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്.

ENGLISH SUMMARY:

Malayala Manorama Online News reports on Pushpa, a mother in Kasaragod, who is living in a dilapidated house with her physically challenged son, facing severe hardships. Their struggle for a safe home and the authorities' indifference highlight a critical issue.