കാസർകോട് കുമ്പള ടോൾ ബൂത്തിനെതിരെ ദിവസങ്ങളായി ജനകീയ സമരം തുടരുകയാണ്. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം.അഷ്റഫ് ഉൾപ്പെടെയുള്ളവർ നിരവധി തവണ അറസ്റ്റിലായി. എന്താണ് യഥാർഥത്തിൽ കുമ്പളയിലെ പ്രശ്നം? ടോൾ നിയമവിരുദ്ധമെന്ന് പറയാൻ കാരണമെന്ത്.
നാഷണൽ ഹൈവേ ഫീ കളക്ഷൻ എഗ്രിമെൻറ് 2008 പ്രകാരം ഒരു ടോൾ പ്ലാസയിൽ നിന്ന് മറ്റൊരു ടോൾ പ്ലാസയിലേക്കുള്ള കുറഞ്ഞ ദൂരം 60 കിലോമീറ്ററാണ്. തലപ്പാടി ടോളിൽ നിന്ന് പുതിയ കുമ്പള ടോളിലേക്കുള്ള ദൂരം 22 കിലോമീറ്റർ മാത്രമാണ്. 60 കിലോമീറ്റർ ഉള്ളിൽ വലിയ പാലങ്ങളോ ടണലുകളോ, മറ്റെന്തെങ്കിലും തക്കതായ കാരണങ്ങളോ ഉണ്ടെങ്കിൽ ടോൾ ആവാം എന്നാണ് ഫീ കളക്ഷൻ എഗ്രിമെന്റിലെ സെക്ഷൻ 8 ബാർ 2 പറയുന്നത്.
ഈ വകുപ്പ് ഉപയോഗിച്ചാണ് കുമ്പളയിൽ ടോൾ തുടങ്ങിയത്. ഒന്നാം സ്ട്രെച്ച് പൂർത്തിയായെന്നും ടോൾ പിരിക്കാത്തതിനാൽ ദിവസേന ലക്ഷങ്ങളുടെ നഷ്ടമെന്നും കാട്ടി കരാർ കമ്പനി നൽകിയ നിവേദനമാണ് ദേശീയപാത അതോറിറ്റി അംഗീകരിച്ചത്. അതായത് പുതിയ ടോൾ സാങ്കേതികമായി നിയമവിരുദ്ധം എന്ന് പറയാനാകില്ല. ഹൈക്കോടതിയിലുള്ള വിഷയത്തിൽ ധൃതിപ്പെട്ട് പിരിവ് തുടങ്ങിയതാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
സർക്കാർ ആശുപത്രിയുള്ള മേഖലയിൽ ഫുഡ് ഓവർ ബ്രിഡ്ജിനായി ജനങ്ങൾ ആവശ്യം ഉന്നയിച്ചപ്പോൾ പരിഗണിക്കാത്ത അതോറിറ്റിയാണ് ടോൾ ബൂത്ത് പണിയാൻ അനുവദിച്ചത്. പ്രദേശത്തെ ജനങ്ങൾക്ക് സഞ്ചരിക്കാൻ ടോൾ ബൂത്തിന് അരികെ സർവീസ് റോഡ് ഇല്ല. പുഴയോട് ചേർന്നുള്ള മേഖലയിൽ മറ്റു റോഡുകളിലൂടെ കടന്നുപോകാനും കഴിയില്ല.