TAGS

പട്ടികജാതി കുടുംബങ്ങൾക്ക് കുടുംബശ്രീ മുഖാന്തരം വിതരണം ചെയ്യുന്ന വായ്പ, കാസർകോട് തൃക്കരിപ്പൂർ പഞ്ചായത്തിൽ മാത്രം അനുവദിക്കുന്നില്ലെന്ന് പരാതി. പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഏകകണ്ഠമായാണ് വായ്പയിൽ ഇടനില നിൽക്കേണ്ട എന്ന് തീരുമാനിച്ചത്. ഇതോടെ മന്ത്രിക്കുൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് ഗുണഭോക്താക്കൾ.

സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി പട്ടികജാതി വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനാണ് വായ്പ നൽകുന്നത്. ഒരാൾക്ക് 6% പലിശ നിരക്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെയാണ് വായ്പ. കുടുംബശ്രീ സിഡിഎസ് മുഖാന്തരം നൽകുന്ന വായ്പയിൽ നിന്നും എഗ്രിമെന്റിലെ നിബന്ധനകൾ ചൂണ്ടിക്കാട്ടി പിന്മാറിയിരിക്കുകയാണ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്. എഗ്രിമെന്റ് പ്രകാരം ഗുണഭോക്താക്കൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ മുഴുവൻ ഉത്തരവാദിത്വവും സിഡിഎസിനാണ്. റവന്യൂ റിക്കവറി ഉൾപ്പെടെ നേരിടാൻ സിഡിഎസിന് ബാധ്യതപ്പെടുത്തി കൊണ്ടുള്ളതാണ് വായ്പ എഗ്രിമെന്റ്. ഈ നിബന്ധനകൾ അംഗീകരിക്കാൻ കഴിയുന്നതല്ല എന്നാണ് സിഡിഎസ് ഭാരവാഹികൾ പറയുന്നത്.

കാസർകോട് ജില്ലയിൽ മാത്രം അഞ്ചു പഞ്ചായത്തുകളിലായി ഒരു കോടിയോളം രൂപ ഇത്തരത്തിൽ വായ്പ അനുവദിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ പഞ്ചായത്ത് മാത്രമാണ് അലംഭാവം കാണിക്കുന്നത് എന്ന് ഗുണഭോക്താക്കൾ പറയുന്നു.  കാര്യങ്ങൾ അന്വേഷിക്കാൻ സിഡിഎസ് ഓഫീസിലെത്തിയ കോർപ്പറേഷൻ മാനേജരുമായി സിഡിഎസ് ഭരണസമിതി അംഗങ്ങൾ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. അർഹരായവർക്ക് കോർപ്പറേഷൻ നേരിട്ട് വായ്പ അനുവദിക്കുകയോ, എഗ്രിമെന്റിലെ നിബന്ധനകളിൽ മാറ്റം വരുത്തുകയോ വേണമെന്ന് ഉറച്ച നിലപാടിലാണ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ്.

ENGLISH SUMMARY:

Kudumbashree loan distribution is facing obstacles in Trikkaripur panchayath concerning scheduled caste families. The panchayath's CDS decided not to intermediate due to agreement terms, leading to complaints and demands for direct loan provision or revised terms.