ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നിർത്തിവെച്ച ശില്പനിർമ്മാണം പുനരാരംഭിച്ച് കാനായി കുഞ്ഞിരാമൻ. കാസർകോട് ജില്ലാ പഞ്ചായത്തിന് മുൻപിൽ 18 വർഷമായി നിർമ്മാണം നടക്കുന്ന അമ്മയും കുഞ്ഞും ശില്പമാണ് പൂർത്തീകരണത്തിലേക്ക് അടുക്കുന്നത്. ഭാര്യയുടെ സഹായത്താലാണ് കാനായി ശില്പനിർമാണത്തിൽ മേൽനോട്ടം വഹിക്കുന്നത്.
സ്വന്തം നാട്ടിൽ ശില്പമെന്നത് കാനായി കുഞ്ഞിരാമന്‍റെ സ്വപ്നമാണ്. ജില്ല പേറിയ എൻഡോസൾഫാൻ ദുരന്തത്തിന്റെ ഓർമ്മയ്ക്കായി 18 വർഷം മുമ്പാണ് അമ്മയും കുഞ്ഞും ശില്പ നിർമ്മാണം ആരംഭിച്ചത്. കാസർകോട് ജില്ലാ പഞ്ചായത്തിൽ മുൻപിലാണ് ഈ സ്മൃതി ശിൽപം. നിർമ്മാണം പല കുറി തടസ്സപ്പെട്ടു. ഏറ്റവും ഒടുവിൽ കാനായിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വന്നതോടെയാണ് നിർമ്മാണം നിലച്ചത്. ശാരീരിക അവശതകൾ വകവയ്ക്കാതെ ഭാര്യയുടെ കൈ പിടിച്ചാണ് കാനായി കുഞ്ഞിരാമൻ വീണ്ടും കാസർകോട് എത്തിയത്. കസേരയിലിരുന്ന് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയാണ്.
രണ്ടുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാം എന്നാണ് പ്രതീക്ഷ. അതിനുശേഷം മാത്രമേ മറ്റ് നിർമ്മാണങ്ങൾ ഏറ്റെടുക്കുവെന്നും കാനായി പറഞ്ഞു. 20 ലക്ഷം മുതൽമുടക്കിയാണ് നിർമാണം ആരംഭിച്ചത്. ഇപ്പോൾ 43 ലക്ഷത്തിന് മുകളിൽ ചെലവായി. പ്രതിഫലം വാങ്ങാതെയാണ് കാനായി നിർമ്മാണം നടത്തുന്നത്.