കാസർകോട് നന്ദാരപദവ് മലയോര ഹൈവേയിൽ നോക്കുകുത്തിയായി വഴിവിളക്കുകൾ. 28 കിലോമീറ്റർ ദൂരത്താണ് രണ്ടുവർഷമായി വഴിവിളക്കുകൾ പ്രവർത്തനരഹിതമായത്. പൊതുമരാമത്ത് വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ രേഖകൾ കൈമാറാത്തതാണ് വന്യമൃഗ ശല്യമുള്ള റോഡിനെ ഇരുട്ടിലാക്കിയത്.
കേരള കർണാടക അതിർത്തി പ്രദേശമായ നന്ദരപദവ് സ്വദേശികളുടെ സ്വപ്നമായിരുന്നു മലയോര ഹൈവേ. പാത യാഥാർത്ഥ്യമായെങ്കിലും കെട്ടുകാര്യസ്ഥിതിയുടെ ഉത്തമ സ്തംഭമായി റോഡിലെ വഴിവിളക്കുകൾ തുരുമ്പെടുക്കുകയാണ്. നന്ദാരപദവ് മുതൽ ചേവാർ വരെയുള്ള 28 കിലോമീറ്റർ ദൂരത്താണ് വഴിവിളക്കുകൾ കണ്ണടച്ചത്. അപകട സാധ്യതയുള്ള റോഡിൽ വെളിച്ചം പകരാനായി സോളാർ ലൈറ്റുകളായിരുന്നു സ്ഥാപിച്ചത്. ഭൂരിഭാഗവും പ്രവർത്തനരഹിതമായി, പലയിടത്തും വിളക്കുകളുടെ ബാറ്ററികൾ സാമൂഹ്യ വിരുദ്ധർ അഴിച്ചു കൊണ്ടു പോയി. പലതവണ യാത്രക്കാർ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമില്ല.
വൊർക്കാടി, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റീച്ചിൽ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നടപ്പാതകളും ഒരുക്കിയിട്ടുണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാൽ ഇവയൊന്നും രാത്രികാലങ്ങളിൽ യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. സാധാരണ നിലയിൽ പൊതുമരാമത്ത് വകുപ്പ് തെരുവുവിളക്കുകളുടെ പരിപാലന ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറാറാണ് പതിവ്. എന്നാൽ ഈ മൂന്ന് പഞ്ചായത്തുകളിലും വഴിവിളക്കുകളുടെ വിവരങ്ങൾ കൈമാറാൻ PWD ഇതുവരെ തയ്യാറായിട്ടില്ല. വകുപ്പുകൾ തമ്മിലുള്ള ഏകോപന കുറവ് മൂലം ദുരിതത്തിൽ ആയത് യാത്രക്കാരാണ്.