അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ദുരിതത്തിൽ ആയിരിക്കുകയാണ് കാസർകോട് നെല്ലിക്കുന്നിലെ സുനാമി കോളനി നിവാസികൾ. വീടുകളിൽ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണെന്നും, കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കുന്നില്ലെന്നും സുനാമി കോളനിയിലെ താമസക്കാർ പറയുന്നു. സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കി നഗരസഭയ്ക്ക് കൈമാറിയ വീടുകളുടെ ഉടമസ്ഥാവകാശം ഇനിയും ഗുണഭോക്താക്കൾക്ക് നൽകിയിട്ടില്ല.
മുകളിലും താഴെയും നാലു വീതം കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും വിധം ഇരുനില ഫ്ലാറ്റുകൾ. കടലമ്മ നൽകിയ കണ്ണീരിന് പരിഹാരമെന്നോണം ബീരന്ത് വയലിൽ 16 വർഷം മുൻപ് 102 കുടുംബങ്ങൾക്ക് സർക്കാർ വീടൊരുക്കി. സുനാമിയിൽ വീട് ഒലിച്ച് പോയ മനുഷ്യർ പിന്നീട് സുനാമി കോളനിക്കാരെന്ന് അറിയപ്പെട്ടു. വീടുകളിൽ താമസം തുടങ്ങി മഴപെയ്ത് മാനം തെളിയും മുന്നേ ചോർച്ചയും തുടങ്ങി. വർഷങ്ങൾക്കിപ്പുറം മേൽക്കൂര എപ്പോൾ വേണമെങ്കിലും നിലം പൊത്തുമെന്ന ഭീതി.
കോൺക്രീറ്റ് പാളികൾ അടർന്നുവീണ് താമസക്കാർക്ക് പരിക്കേറ്റു. സർക്കാർ ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കി നഗരസഭയ്ക്ക് കൈമാറിയെങ്കിലും ഗുണഭോക്താക്കൾക്ക് വീടുകളുടെ ഉടമസ്ഥാവകാശം നൽകിയിട്ടില്ല. പട്ടയം ലഭിച്ചാൽ വായ്പയെടുത്തെങ്കിലും കെട്ടിടങ്ങൾ നവീകരിക്കാമായിരുന്നു എന്നാണ് ഇവരുടെ പക്ഷം.
മഴപെയ്താൽ വെള്ളം ചുമരിലൂടെ കിനിഞ്ഞിറങ്ങും. ഈ സമയത്ത് വൈദ്യുതി ഓഫ് ചെയ്ത് കെഎസ്ഇബി സഹായിച്ചാൽ മാത്രം ഷോക്കേൽക്കാതെ രക്ഷപ്പെടാം. ഒരു നൂറ്റാണ്ടിൽ അധികമായി തുടരുന്ന ഈ നരക ജീവിതം ഇനിയെത്ര നാൾ കൂടിയെന്ന ചോദ്യമാണ് ഓരോ മുഖങ്ങളിലും ബാക്കി.