ഒരൊറ്റ ചായക്കട വന്നതോടെ ആളുകളുടെ കുത്തൊഴുക്ക് തുടങ്ങിയ സ്ഥലമാണ് കാസർകോട് ചേരൂർ തൂക്കുപാലം. ചായക്കടയ്ക്ക് അപ്പുറം ഇവിടുത്തെ അതിമനോഹരമായ പ്രകൃതി ഭംഗിയാണ് ആളുകളെ ആകർഷിക്കുന്നത്. തൂക്കുപാലവും ചായക്കടയും ഇന്ന് സമൂഹമാധ്യമങ്ങളിൽ താരമാണ്.
കാസർകോട് നഗരത്തിൽ നിന്ന് 8 കിലോമീറ്റർ താഴെ ദൂരത്താണ് ചേരൂർ. വിസ്താരത്തിൽ ഒഴുകുന്ന തേജസ്വിനി പുഴയുടെ അക്കരെയും ഇക്കരെയും ഉള്ള പെരുമ്പളയും ചേരൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു തൂക്കുപാലം ഇവിടെയുണ്ട്. മുൻപ് പ്രദേശവാസികൾ സായാഹ്നങ്ങളിൽ ഇവിടെ എത്തിയിരുന്നുവെങ്കിലും അടുത്ത കാലത്താണ് ഏറെ പ്രശസ്തമായത്. തേജസ്വിനി പുഴയും തുരുത്തും അക്കരെയും നോക്കി ആസ്വദിച്ചിരിക്കാൻ പറ്റിയ ഒരിടം.
അടുത്തിടെ ഒരു ചായക്കടയും തുടങ്ങിയതോടെ സഞ്ചാരികളുടെ പ്രവാഹമായി. സഞ്ചാരികൾ എത്തിയതോടെ മുൻപുണ്ടായിരുന്ന കടത്ത് തോണി വിനോദ ഉപാധിയായി. ചായ കുടിച്ച് ചേരൂർ തൂക്ക് പാലത്തിലൂടെ നടന്ന് അക്കരയത്തി, കടത്തുതോണിയിൽ ഇക്കരെ വരാം. പുതിയ ചായ സ്പോട്ട് റീലുകൾ നിറഞ്ഞതോടെ നിരവധി സഞ്ചാരികളാണ് എത്തുന്നത്. മാലിന്യം വലിച്ചെറിഞ്ഞ് ഈ സുന്ദര തീരത്തെ വികൃതമാകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.