കാസർകോട് അതി ദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബം കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലേക്ക്. ചാമക്കുഴി സ്വദേശി തോമസും ഭിന്നശേഷിക്കാരനായ മകനുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണി. പഞ്ചായത്ത് അധികൃതർ ഇടപെട്ട് ജപ്തി നടപടി നീട്ടിവെക്കാനുള്ള ശ്രമത്തിലാണ്.
2019 ൽ വീട് നിർമ്മാണത്തിന് ലൈഫ് പദ്ധതി തുകയ്ക്ക് പുറമേ 2 ,10,000 രൂപ തോമസ് ജോൺ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പയെടുക്കുന്നത്. ശാരീരിക അവശതകൾ കൂടി തോമസിന് ജോലി ചെയ്യാൻ കഴിയാതെ വന്നതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതിനിടെ ഭാര്യയും ഉപേക്ഷിച്ചു പോയതോടെ ഭിന്നശേഷിക്കാരനായ മകനും തോമസും മാത്രമായി വീട് ചുരുങ്ങി. പലിശ ഉൾപ്പെടെ 4,88,000 രൂപ തിരുകി അടക്കണം എന്നാണ് പണമിടപാട് സ്ഥാപനത്തിന്റെ ആവശ്യം. മുമ്പ് കളക്ടർ ഇടപെട്ട് 230,000 രൂപ തവണകളായി അടയ്ക്കാൻ തീരുമാനമായി.
പഞ്ചായത്ത് അതി ദരിദ്ര പട്ടികയിൽ കിട്ടുന്ന ഭക്ഷണവും മരുന്നും മാത്രം ആശ്രയമായി കുടുംബത്തിന് അതും അസാധ്യമായി. സാവകാശം നൽകിയിട്ടും തിരിച്ചടയ്ക്കാത്തതിനാൽ 488,000 രൂപ തന്നെ അടയ്ക്കണമെന്നും ഇല്ലെങ്കിൽ ജപ്തി ചെയ്യുമെന്ന് കാട്ടി ധനകാര്യ സ്ഥാപനം നോട്ടീസ് ഒട്ടിച്ചു.
സാവകാശം ലഭിച്ചാലും വായ്പ തിരിച്ചടയ്ക്കാൻ സുമനസ്സുകളുടെ സഹായമാണ് ഇവർ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം 16 വയസ്സുള്ള ഭിന്നശേഷിക്കാരൻ ആയ മകനും ഒന്നിച്ച് തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഈ പിതാവ്. പഞ്ചായത്ത് ഇടപെട്ട് സമയപരിധി നീട്ടി നൽകാൻ അഭ്യർത്ഥിച്ചെങ്കിലും, വഴങ്ങാൻ ധനകാര്യ സ്ഥാപനം തയ്യാറല്ല.