തങ്ങൾ വിശ്വസിക്കുന്നത് പി ആറിൽ അല്ല, പ്രവൃത്തിയിലാണെന്നും, ആ പ്രവൃത്തിക്ക് കിട്ടുന്ന അംഗീകാരത്തിൽ അസഹിഷ്ണുത കാണിച്ചതുകൊണ്ടോ പരിഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷ്. കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ദേശീയമാതൃകയായി പാർലമെന്റിൽ അവതരിപ്പിച്ച സുപ്രധാന രേഖയായ എക്കണോമിക് സർവേ വാഴ്ത്തുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇനി രാജീവ് ചന്ദ്രശേഖർ എന്തുപറയുമെന്നറിയാൻ അതിയായ കൌതുകമുണ്ട്. ഇതും പബ്ലിസിറ്റി സ്റ്റണ്ട് ആണോ മിസ്റ്റർ രാജീവ് ചന്ദ്രശേഖർ? ഇതും പി ആർ ആണോ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവേ? ഇന്നത്തെ ഒരു ദിനപത്രത്തിലും കേരളത്തിന് അഭിമാനം നൽകുന്ന ഈ വാർത്ത ഇടംപിടിച്ചതേയില്ല. അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ഇകഴ്ത്താനും പരിഹസിക്കാനും മത്സരിച്ച വിദഗ്ധരും അവരെ പിന്തുണച്ച മാധ്യമങ്ങളും ടെലിവിഷൻ അവതാരകരും ഇത് അറിഞ്ഞ മട്ടേ നടിക്കുന്നില്ല.
സാമൂഹ്യമായ മുൻകൈയോടെ കേരളം അതിദാരിദ്രരെ ശാസ്ത്രീയമായും സമഗ്രമായും കണ്ടെത്തിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ കുടുംബത്തെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ പ്രത്യേക മൈക്രോ പ്ലാനുകൾ തയ്യാറാക്കി. അടിസ്ഥാന രേഖകളും, ഭക്ഷണവും, ആരോഗ്യ സുരക്ഷയും തുടങ്ങി എല്ലാ രീതിയിലും ഈ കുടുംബങ്ങളെ സർക്കാർ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. പദ്ധതിക്ക് നേതൃത്വം നൽകിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പങ്ക് റിപ്പോർട്ട് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.അതായത് സംസ്ഥാന സർക്കാർ പറഞ്ഞ കാര്യങ്ങളൊന്നും വെറും അവകാശവാദങ്ങളായിരുന്നില്ല എന്ന് കേന്ദ്രസർക്കാരിന്റെ ആധികാരിക രേഖ തന്നെ ഇപ്പോൾ സമ്മതിക്കുകയാണ്. ഞങ്ങൾക്ക് ഇതിലൊട്ടും അത്ഭുതമില്ല.
കാരണം അതിദാരിദ്ര്യ നിർമാർജന പദ്ധതി സാർവദേശീയ തലത്തിൽ നേരത്തെ തന്നെ അംഗീകരിക്കപ്പെട്ടതാണ്. വിഖ്യാതമായ ദി ഇക്കണോമിസ്റ്റ് വാരിക കവർ സ്റ്റോറിയിലൂടെയാണ് അതിദാരിദ്ര്യ മുക്ത പദ്ധതിയുടെ മികവിനെ അഭിനന്ദിച്ചത്. കേരളം ഇന്ത്യയുടെ വികസന ചാമ്പ്യനാണെന്നും, ലോകത്ത് സ്കാൻഡനേവ്യൻ രാജ്യങ്ങൾ എങ്ങിനെയാണോ അതുപോലെയാണ് ഇന്ത്യയിൽ കേരളമെന്നും ദി ഇക്കോണമിസ്റ്റ് കേരളത്തെ പ്രകീർത്തിച്ചത് കേരളവിരുദ്ധർക്കൊന്നും സഹിച്ചില്ല. അത് പിആർ ആണെന്ന് പറയാനുള്ള വിവരദോഷവു തൊലിക്കട്ടിയും ഇവിടെ പലർക്കുമുണ്ടായി.
240 വർഷത്തെ പാരമ്പര്യമുള്ള ലണ്ടൻ ടൈംസ് അതിദാരിദ്ര്യ നിർമാർജന പദ്ധതിയെക്കുറിച്ചുള്ള വാർത്തയ്ക്ക് കൊടുത്ത തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘Indian state Kerala banishes extreme poverty to the pages of history’ കേരളം അതിദാരിദ്ര്യത്തെ ചരിത്രത്തിന്റെ പേജുകളിലേക്ക് നാടുകടത്തിയെന്ന്. അതിനെയും പരിഹസിക്കാൻ ഇക്കൂട്ടർ മുന്നിലുണ്ടായിരുന്നു. ലോകബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്ന മലയാളി കൂടിയായ വിനോദ് തോമസ് ബ്രൂക്കിംഗ്സിലെഴുതിയ ലേഖനം പറഞ്ഞത്, കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പദ്ധതി ഇന്ത്യയ്ക്കോ മൂന്നാം ലോക രാജ്യങ്ങൾക്കോ മാത്രമല്ല വികസിത-സമ്പന്ന രാജ്യങ്ങൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണ് എന്നാണ്.
സിംഗപ്പൂർ ടൈംസ് ഉൾപ്പെടെ വേറെയും ഒട്ടേറെ വിഖ്യാതമായ ആഗോള മാധ്യമങ്ങളും ദേശീയമാധ്യമങ്ങളും പ്രാധാന്യത്തോടെയാണ് കേരളത്തിന്റെ നേട്ടത്തെ പ്രചരിപ്പിച്ചത്. അതിനെല്ലാം നേരെ കണ്ണടച്ച് ഇരുട്ടാക്കുകയും പരിഹസിക്കുകയും ചെയ്തവർ ഇപ്പോൾ സ്വയം പരിഹാസ്യരായിരിക്കുന്നു. ഞങ്ങൾ വസ്തുതകളേ പറയാറുള്ളൂ. അത് ഇന്നല്ലെങ്കിൽ നാളെ അംഗീകരിക്കപ്പെടും, എതിർക്കുന്നവർക്കും അംഗീകരിക്കേണ്ടി വരും. നേര് നിലനിൽക്കും, നേര് മാത്രമേ ആത്യന്തികമായി നിലനിൽക്കൂ.- മന്ത്രി എംബി രാജേഷ് വ്യക്തമാക്കുന്നു.