ഗുരുമന്ദിരങ്ങൾക്കെല്ലാം സർക്കാർ ഗ്രാന്‍റ് നൽകേണ്ടതല്ലേയെന്ന ചോദ്യവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'സമാധാനം നിലനിർത്തുന്ന, പ്രചരിപ്പിക്കുന്നയിടമാണ് ഗുരുമന്ദിരം. നിലപാടുകളിൽ ഉറച്ചു നിൽക്കണം'. തന്നെ കൊല്ലാൻ ശ്രമിച്ചവർ ചത്ത് പോയതല്ലാതെ താൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുന്നെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്ത് ഈഴവന്‍റെ വോട്ടിന് വിലയില്ലെന്ന് വെളളാപ്പളളി ആരോപിച്ചു. വിലയുള്ള വോട്ടായി അത് മാറണമെന്നും വെളളാപ്പളളി പറഞ്ഞു. വെളളാപ്പളളിയുടെ വാക്കുകള്‍ ഇങ്ങനെ...'ജനാധിപത്യത്തില്‍ വോട്ടിനാണ് വില. ഈഴവന്‍റെ വോട്ടിനും കോട്ടയത്ത് വില വേണം. ഇവിടെ കോട്ടയത്ത് വിലയില്ല. ആ വിലയുളള വോട്ടായി നമ്മള്‍ മാറണം. സംഘടിത മതശക്തികള്‍ എല്ലാം ഒപ്പിട്ടുകൊണ്ടുപോയപ്പോള്‍ അസംഘടിത ഭൂരിപക്ഷം എവിടെ കിടക്കുന്നു' എന്നും വെളളാപ്പളളി ചോദിക്കുന്നു.
'നമുക്ക് ദുരിതവും തൊഴിലുറപ്പും മാത്രം. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര നാളായിട്ടും നമുക്കു മാത്രം വീടില്ല. മറ്റുള്ളവർ മണിമാളികകൾ വച്ച് പിന്നെയും പിന്നെയും വളരുന്നു. അവർക്ക് പിന്നെയും സഹായങ്ങൾ കൊടുക്കാൻ പദ്ധതികൾ വരുന്നു. പാവങ്ങൾക്ക് വേണ്ടി പറയാൻ പാർലമെന്റിലും നിയമസഭയിലും തദ്ദേശസ്ഥാപനങ്ങളിലും പ്രതിനിധികൾ ഇല്ല. മറ്റു സമുദായങ്ങൾ സമ്പന്നരായി വാഴുന്നു. നമുക്ക് കൂട്ടായ്മ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ വന്നത്' എന്നും വെളളാപ്പളളി പറഞ്ഞു.
യൂട്യൂബ് ചാനലുകളിൽ തന്നെ തെറി പറയിപ്പിക്കാൻ കാശ് കൊടുത്ത് ആളുകളെ ഇരുത്തുന്നുണ്ടെന്നും വെളളാപ്പളളി ആരോപിച്ചു. പത്മഭൂഷൺ കിട്ടിയത് സമുദായത്തിനാണെന്നും ഈ അംഗീകാരം ശ്രീനാരായണഗുരുപാദങ്ങളിൽ സമർപ്പിക്കുന്നെന്നും വെളളാപ്പളളി വ്യക്തമാക്കി.